അയർലണ്ടിൽ ഭവനരഹിതരുടെ എണ്ണം വീണ്ടും 8,000-നു മുകളിൽ; ലോക്ഡൗൺ ഇളവുകൾ ലഭിച്ചതോടെ കുടിയിറക്കൽ വർദ്ധിച്ചത് തിരിച്ചടിയായി

അയര്‍ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നുവെന്ന് മേഖലയിലെ സാമൂഹിക പ്രവര്‍ത്തകര്‍. പാര്‍പ്പിടവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്ത് വീടില്ലാത്തവരുടെ എണ്ണം വീണ്ടും 8,000-ന് മുകളിലെത്തിയിരിക്കുകയാണ്. പുതുതായി പട്ടികയിലേയ്ക്ക് 23 പ്രായപൂര്‍ത്തിയായവരും, കുട്ടികളും കൂടി ഉള്‍പ്പെട്ടതോടെ ആകെ ഭവനരഹിതരുടെ ആകെ എണ്ണം 8,014 ആയി.

ഡബ്ലിനിലാണ് വീടില്ലാത്തവരുടെ എണ്ണം ഏറ്റവും കൂടുതല്‍. നിലവില്‍ ആകെ 4,069 ഭവനരഹിതരാണ് ഡബ്ലിനിലുള്ളത്. 702 കുടുംബങ്ങളും ഇവിടെ വീടില്ലാത്തവരായി കഴിയുന്നു.

തലസ്ഥാനത്തിന് പുറത്ത് കോര്‍ക്കിലാണ് പിന്നീട് ഏറ്റവുമധികം ഭവനരഹിതരുള്ളത്- 412. ലിമറിക്ക് (218), വാട്ടര്‍ഫോര്‍ഡ് (62) എന്നിവിടങ്ങള്‍ പിന്നാലെ.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഭവനരഹിതരായ കുടുംബങ്ങളുടെ എണ്ണം 123% വര്‍ദ്ധിച്ചത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് Inner City Helping Homeless (ICHH) മേധാവി Anthony Flynn പ്രതികരിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കുടിയിറക്ക് നോട്ടീസുകള്‍ കൊടുക്കുന്നത് സര്‍ക്കാര്‍ മുമ്പ് നിരോധിച്ചിരുന്നെങ്കിലും, ഇതിന് ഇളവുകള്‍ നല്‍കിയതോടെ കൂടുതല്‍ പേര്‍ വാടകവീടുകളില്‍ നിന്നും കുടിയറക്കപ്പെടുന്നതാണ് ഇതിന് കാരണം. വരും മാസങ്ങളിലും ഇത് തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.

അതേസമയം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കില്‍ തെരുവില്‍ കഴിയുന്നവര്‍, ഗാര്‍ഹികപീഢനം കാരണം സ്ത്രീസംരക്ഷണകേന്ദ്രങ്ങളില്‍ കഴിയുന്ന കുടുംബങ്ങള്‍, വീടുകള്‍ ലഭിക്കാന്‍ കാത്തിരിക്കുന്ന യാത്രക്കാര്‍, അഭയം പ്രാപിച്ചെത്തിയവര്‍ (people in direct provision) എന്നിവരൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

2014-ലുണ്ടായിരുന്ന ഭവനരഹിതരായ കുടുംബങ്ങളുടെ നാലിരട്ടിയാണ് ഇപ്പോഴുള്ളതെന്ന് പാര്‍പ്പിട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയായ Focus Ireland-ഉം വ്യക്തമാക്കി. 2014-ലെ അവസ്ഥയെ ‘അടിയന്തമായ പ്രതിസന്ധി’ എന്നായിരുന്നു അന്നത്തെ ഭവനമന്ത്രി വിശേഷിപ്പിച്ചിരുന്നതെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെട്ടു.

ഭവനരഹിതരെ സഹായിക്കുന്ന കുടിയിറക്കല്‍ നിരോധനം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിനെയും സംഘടന കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ‘Housing for All’ പദ്ധതിയില്‍ ഇതിനുള്ള പ്രതിവിധികളും ഉള്‍പ്പെടുത്തണം. സംഘടന നടത്തിവരുന്ന #FocusOnFamilies campaign-നെ പിന്തുണയ്ക്കണമെന്നും (https://www.focusireland.ie/focusonfamilies/) സംഘടനാ തലവനായ Mike Allen അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: