ഇന്ത്യയെ ആംബർ ലിസ്റ്റിലേക്ക് മാറ്റി യു.കെ; ഹോട്ടൽ ക്വാറന്റൈൻ വേണ്ട, പകരം രണ്ട് കോവിഡ് ടെസ്റ്റുകൾ; അയർലണ്ട് മലയാളികൾക്കും ആശ്വാസം

യു.കെയുടെ കോവിഡ് നിയന്ത്രണം സംബന്ധിക്കുന്ന റെഡ് ലിസ്റ്റില്‍ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആംബര്‍ ലിസ്റ്റിലേയ്ക്ക് മാറ്റി. ഇതോടെ ഹോട്ടല്‍ ക്വാറന്റൈന്‍ അടക്കമുള്ള നിരവധി നിയന്ത്രണങ്ങളില്‍ ഈ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ഇളവ് ലഭിക്കും. ഇന്ത്യ, ബഹ്‌റിന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളെ ആംബര്‍ ലിസ്റ്റിലേയ്ക്ക് മാറ്റിയതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖാപിച്ചു.

റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും ഇംഗ്ലണ്ടിലെത്തുന്നവര്‍, മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലുകളില്‍ 11 രാത്രികള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ആംബര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരാണെങ്കില്‍ യാത്രയ്ക്ക് മുമ്പ് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആകുകയും, ഇംഗ്ലണ്ടില്‍ എത്തി രണ്ട് ദിവസത്തിനകം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാകുകയും ചെയ്താല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. 18 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് വാക്‌സിന്‍ എടുത്തില്ലെങ്കിലും ടെസ്റ്റുകളില്‍ നെഗറ്റീവ് റിസല്‍ട്ട് ലഭിച്ചാല്‍ മതി.

അതേസമയം ആംബര്‍ ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും വരുന്ന, വാക്‌സിന്‍ എടുത്തിട്ടില്ലാത്ത യാത്രക്കാര്‍ 10 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. ഇംഗ്ലണ്ടിലെത്തിയ ശേഷം രണ്ട് ദിവസത്തിന് ശേഷവും, പിന്നീട് എട്ട് ദിവസത്തിന് ശേഷവും കോവിഡ് ടെസ്റ്റ് നടത്തുകയും വേണം. അഥവാ ക്വാറന്റൈന്‍ കാലം നേരത്തെ പൂര്‍ത്തീകരിക്കണമെങ്കില്‍ സ്വന്തം ചെലവില്‍ അഞ്ചാം ദിവസം ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആകണം.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഓഗസ്റ്റ് 8 രാവിലെ 4 മണിമുതല്‍ ഇളവ് നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം കൊച്ചിയില്‍ നിന്നും ലണ്ടനിലേയ്ക്കുള്ള നേരിട്ടുള്ള വിമാനയാത്ര ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുമെന്ന് കൊച്ചി എയര്‍പോര്‍ട്ടും, എയര്‍ ഇന്ത്യയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ അയര്‍ലണ്ടിലേയ്ക്കടക്കം യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. ഇന്ത്യയെ ആംബര്‍ ലിസ്റ്റിലേയ്ക്ക് മാറ്റിയതും അയര്‍ലണ്ട് മലയാളികള്‍ക്ക് അനുഗ്രഹമായി.

Share this news

Leave a Reply

%d bloggers like this: