ടിപ്പററിയിൽ കുറ്റകൃത്യത്തിന്‌ ഉപയോഗിച്ച 11 കാറുകൾ പിടിച്ചെടുത്തു; പിടിച്ചെടുത്തവയിൽ Audi, BMW, Range Rover അടക്കമുള്ള ആഡംബര വാഹനങ്ങൾ

കൗണ്ടി ടിപ്പററിയില്‍ Criminal Assets Bureau (CAB) നടത്തിയ ഓപ്പറേഷനില്‍ 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. കുറ്റകൃത്യങ്ങള്‍ക്കായി പണം, വാഹനങ്ങള്‍, സ്വത്ത് തുടങ്ങിയവ ഉപയോഗിക്കുന്നത് കണ്ടെത്തി പിടിച്ചെടുക്കാനായി CAB നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായി വ്യാഴാഴ്ചയായിരുന്നു പരിശോധന. കിഴക്കന്‍ യൂറോപ്പിലെ കുറ്റവാളി സംഘം പ്രവര്‍ത്തിക്കുന്ന ടിപ്പററിയിലെ പ്രദേശത്തായിരുന്നു പരിശോധനയെന്ന് ഗാര്‍ഡ അറിയിച്ചു.

വ്യാഴാഴ്ച രാവിലെയോടെ 24 CAB ഉദ്യോഗസ്ഥര്‍ ഒരു കാര്‍ ഡീലര്‍ഷിപ്പ് കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആഡംബര വാഹനങ്ങളായ അഞ്ച് Audi Q7, രണ്ട് Range Rover, രണ്ട് BMW X5, ഒരു Audi A4, ഒരു Volkswagen Passat എന്നിവ പിടിച്ചെടുത്തത്. ഇതില്‍ നാല് വാഹനങ്ങള്‍ കസ്റ്റംസ്-ടാക്‌സ് വെട്ടിപ്പില്‍ പെട്ടതാണെന്നും ഗാര്‍ഡ അറിയിച്ചു.

ഇവിടെ നിന്നും 11,000 യൂറോ പണവും പിടിച്ചെടുത്തിട്ടുണ്ട്.

നേരത്തെ സെപ്റ്റംബര്‍ 6-ന് ഡബ്ലിനില്‍ CAB നടത്തിയ സമാനമായ മറ്റൊരു പരിശോധനയില്‍ ഏഴ് ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പിന്നീട് സെപ്റ്റംബര്‍ 28-ന് നടത്തിയ പരിശോധനയില്‍ Jaguar I Pace കാറും, 80,000 യൂറോയും പിടിച്ചെടുത്തു.

Share this news

Leave a Reply

%d bloggers like this: