കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന ലോകനേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനനിർദ്ദേശങ്ങളുമായി അയർലണ്ട് മലയാളിയായ പെൺകുട്ടി; തെരേസയുടെ വാക്കുകൾക്ക് കാതോർക്കാം

ലോകം ഇന്ന് നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടക്കുന്ന 26-ആം Conference of the Parties to the United Nations Framework Convention on Climate Change (COP26)-ലേയ്ക്ക് ശ്രദ്ധാവഹമായ സന്ദേശവുമായി അയര്‍ലണ്ട് മലയാളിയായ വിദ്യാര്‍ത്ഥിനി. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ സ്‌കോട്‌ലണ്ടിലെ ഗ്ലാസ്‌ഗോയില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്.

സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോകനേതാക്കളോട് ഇന്ന് നാം നേരിടുന്ന പ്രധാനകാലാവസ്ഥാ പ്രശ്‌നങ്ങളെ നേരിടാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ RTE ആണ് അയര്‍ലണ്ടിലെ ചെറുപ്പക്കാരോട് പ്രതികരണങ്ങളാരാഞ്ഞത്.

ഇന്ത്യന്‍ വംശജയായ കോര്‍ക്കിലെ Mount Mercy College ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥിനിയും, മലയാളിയുമായ തെരേസ റോസ് സെബാസ്റ്റിയന്‍ ആണ് ഇതുമായി ബന്ധപ്പെട്ട് ശക്തമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്ന ഒരാള്‍.

കേരളത്തില്‍ മൂന്ന് വര്‍ഷം മുമ്പുണ്ടായ കനത്ത വെള്ളപ്പൊക്കം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകയായുള്ള തെരേസയുടെ യാത്ര ആരംഭിക്കുന്നത്. അന്ന് 14 വയസായിരുന്നു തെരേസയുടെ പ്രായം.

ആഗോളമായി ചിന്തിക്കുമ്പോള്‍ നാമെല്ലാവരും ഒരേ രാജ്യക്കാരാണെന്നും, ഒരു രാജ്യത്ത് പ്രശ്‌നമുണ്ടാകുമ്പോള്‍ അതെല്ലാവരെയും ബാധിക്കുന്നുവെന്നും തെരേസ പറയുന്നു.

ബന്ധുവിന്റെ കല്യാണത്തിനായി അന്ന് കേരളത്തിലെത്തിയ തെരേസ അതുവരെയില്ലാത്ത മഴയ്ക്കും, വെള്ളപ്പൊക്കത്തിനുമാണ് സാക്ഷ്യം വഹിച്ചത്. വന്‍മരങ്ങള്‍ കൂപ്പുകുത്തുകയും, കാറുകളും മറ്റും ഒലിച്ചുപോകുകയും ചെയ്ത ആ ദിവസങ്ങള്‍ ഇന്നും തെരേസയ്ക്ക് ഭീതിയുടേതാണ്. ആ പ്രായത്തില്‍ അത് ലോകാവാസനമാണെന്ന് പോലും തെരേസയ്ക്ക് തോന്നി.

എന്നാല്‍ തിരികെ അയര്‍ലണ്ടിലെത്തിയപ്പോഴാണ് തെരേസ ഒരു കാര്യം ശ്രദ്ധിച്ചത്- 400 പേര്‍ കൊല്ലപ്പെടുകയും, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്ത ഈ സംഭവം ലോകമാധ്യമങ്ങള്‍ കാര്യമായി ഗൗനിച്ചില്ല. ഈ തിരിച്ചറിവ് തെരേസയ്ക്ക് വലിയ നിരാശയാണ് നല്‍കിയത്.

അക്കാലത്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗോള്‍ഫ് കളിക്കുന്ന വാര്‍ത്തയ്ക്കായിരുന്നു അന്താരാഷ്ട്രമാധ്യമങ്ങള്‍ പ്രാധാന്യം കൊടുത്തതെന്ന് രൂക്ഷമായി വിമര്‍ശിക്കുന്നു തെരേസ.

ഇതോടെ കാലാവസ്ഥാ വ്യതിയാനത്തെ പറ്റി കൂടുതല്‍ പഠിക്കാനും, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അത് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനും തെരേസ ശ്രമങ്ങളാരംഭിച്ചു. എന്താണ് ലോകത്തിന് പ്രധാനമെന്നും, എന്തൊക്കെയാണ് മാധ്യമങ്ങളിലും മറ്റിടങ്ങളിലും ചര്‍ച്ചകളവേണ്ടതെന്നും ലോകത്തെ അറിയിക്കാനുള്ള ആ ശ്രമം ഇന്നും തുടരുന്നു.

യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിനില്‍ അടുത്ത വര്‍ഷം Law and Social Justice കോഴ്‌സിന് ചേരാനും, കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി നിയമത്തെ ഉപയോഗപ്പെടുത്താനുമാണ് തെരേസ തയ്യാറെടുക്കുന്നത്.

‘കാലാവസ്ഥാ നീതി’ എന്ന അവസ്ഥ എത്രത്തോളം പ്രസക്തമാണെന്നും തെരേസയുടെ വാക്കുകളില്‍ വ്യക്തമാണ്. പലപ്പോഴും മറ്റ് രാജ്യങ്ങളോ, പ്രദേശങ്ങളോ ചെയ്യുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത് അതിലൊന്നും ഭാഗമാകാത്ത രാജ്യങ്ങളാണെന്ന് തെരേസ ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് നിലവിലുള്ള ഇന്ധനം കുഴിച്ചെടുക്കുന്ന രീതി അപ്പാടെ മാറ്റണമെന്നാണ് തെരേസ നിര്‍ദ്ദേശിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. അതേസമയം ഈ മേഖലയിലെ ജോലിക്കാര്‍ക്ക് കൃത്യമായ ജീവനോപാധി ലഭ്യമാക്കാന്‍ പ്രത്യേകമായ പദ്ധതികള്‍ രൂപീകരിക്കുകയും വേണം.

തന്റെ നിര്‍ദ്ദേശങ്ങള്‍ COP26 സമ്മേളനത്തില്‍ നേതാക്കന്മാര്‍ ചെവിക്കൊള്ളുമെന്ന പ്രതീക്ഷയും തെരേസ പങ്കുവച്ചു. ഇത്തരം പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കരുത് എന്ന് മാത്രമാണ് തനിക്ക് ലോകനേതാക്കളോട് ആവശ്യപ്പെടാനുള്ളതെന്നും തെരേസ കൂട്ടിച്ചേര്‍ക്കുന്നു. പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളും, ഗവേഷകസഹായവും നമുക്കുണ്ട്, അവ നീതിപൂര്‍വ്വം നടപ്പില്‍ വരുത്താനുള്ള മനസാണ് ഇല്ലാത്തത്- തെരേസ പറയുന്നു.

Share this news

Leave a Reply

%d bloggers like this: