ഫേസ്ബുക്ക് ഇനി അറിയപ്പെടുക പുതിയ പേരിൽ; ഔദ്യോഗികനാമം വെളിപ്പെടുത്തി സക്കർബർഗ്

ആഗോള സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്ക് ഇനിമുതല്‍ അറിയപ്പെടുക ‘Meta’ എന്ന പേരില്‍. തങ്ങളുടെ കീഴിലുള്ള വിവിധ ആപ്പുകളെയും, പ്ലാറ്റ്‌ഫോമുകളെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് ഫേസ്ബുക്ക് അറിയിച്ചു. അതേസമയം നിലവിലെ കമ്പനി സംവിധാനത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്ക്, മെസേജിങ് ആപ്പ് വാട്‌സാപ്പ്, ഫോട്ടോ/വീഡിയോ ഷെയറിങ് ആപ്പ് ഇന്‍സ്റ്റഗ്രാം, വിര്‍ച്വല്‍ റിയാലിറ്റി ആപ്പായ ഒക്കുലസ് തുടങ്ങി ഒരുപിടി പ്ലാറ്റ്‌ഫോമുകളാണ് Facebook.Inc എന്ന കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനി ഇനി മുതല്‍ Meta.Inc എന്ന പേരിലാകും അറിയപ്പെടുക. ഇതോടെ ഫേസ്ബുക്ക് എന്ന പേര് ഇനിമുതല്‍ കമ്പനിയുടെ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിന് മാത്രമായി മാറും. മറ്റ് പ്ലാറ്റ്‌ഫോമുകളെല്ലാം അതത് പേരുകളില്‍ തന്നെ തുടരും.

കമ്പനിയുടെ വിര്‍ച്വല്‍- ഓഗ്‌മെന്റഡ് റിയാലിറ്റി കോണ്‍ഫറന്‍സില്‍ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പേരുമാറ്റം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. പേരുമാറ്റം തീരുമാനിച്ച വിവരം കഴിഞ്ഞയാഴ്ച തന്നെ ചോര്‍ന്നിരുന്നെങ്കിലും ‘Horizon’ എന്ന വാക്കുമായി ബന്ധപ്പെട്ടതാകും പുതിയ പേര് എന്നായിരുന്നു ഊഹാപോഹങ്ങള്‍.

പുതിയ പേര് കമ്പനിയുടെ സ്വപ്‌നപദ്ധതിയായ ‘Metaverse’നെ അനുസ്മരിപ്പിക്കുന്നതാണ് എന്ന പ്രത്യേകതയുമുണ്ട്. നിലവിലെ ഫേസ്ബുക്ക് എന്ന പേര് തങ്ങളുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിനെ മാത്രമാണ് പ്രതിനിധീകരിക്കുന്നത് എന്നതാണ് പേരുമാറ്റത്തിന് കാരണമായി സക്കര്‍ബര്‍ഗ് പറയുന്നത്.

അതേസമയം കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ല ഫേസ്ബുക്ക് എന്നും, തീവ്രവാദത്തെ ചെറുക്കാനുള്ള നടപടികള്‍ കമ്പനി കൈക്കൊള്ളുന്നുമില്ലെന്ന തരത്തില്‍ നിരവധിയായ ആരോപണങ്ങളും വിമര്‍ശനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് കമ്പനിയുടെ പേരുമാറ്റം. ആരോപണങ്ങള്‍ക്കിടെയും കമ്പനിയുടെ ഈ വര്‍ഷത്തെ മൂന്നാം പാദത്തിലുള്ള ലാഭം കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: