അയർലണ്ടിലെ കുടിയേറ്റസമൂഹത്തിൽ വാക്സിൻ സ്വീകരിക്കുന്നവർ കുറവെന്ന് HSE; നിങ്ങൾ കോവിഡ് വാക്സിൻ സ്വീകരിച്ചോ?

അയര്‍ലണ്ടിലെ കുടിയേറ്റ വിഭാഗക്കാര്‍ക്കിടയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍ കുറവെന്ന് HSE. അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയ മധ്യ-കിഴക്കന്‍ യൂറോപ്പ് ജനങ്ങളില്‍ 44% പേര്‍ മാത്രമേ കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുള്ളൂ എന്ന് HSE national director of the Covid vaccine programme, Damien McCallion വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കാത്തവരെ കുത്തിവെപ്പ് എടുക്കാനും, സുരക്ഷിതരാകാനും ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും Morning Ireland-മായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

27 ഭാഷകളിലായി വാക്‌സിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോകളും, 36 ഭാഷകളിലായി അച്ചടിച്ച പ്രിന്റൗട്ടുകളും ലഭ്യമാണെന്ന് McCallion പറഞ്ഞു. എല്ലാതരത്തിലും കാംപെയിന്‍ സജീവമാക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ രാജ്യങ്ങളിലെ എംബസികളുമായും ബന്ധപ്പെടുന്നുണ്ട്.

ഭക്ഷണം, മാംസം തുടങ്ങിയ വ്യവസായമേഖലകളില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാരിലാണ് വാക്‌സിന്‍ എടുക്കുന്നതില്‍ പ്രത്യേകം കുറവ് കാണുന്നത്.

അതേസമയം അയര്‍ലണ്ടില്‍ ജീവിക്കുന്ന ഇംഗ്ലിഷ് അറിയാത്തവര്‍ക്കായി പ്രത്യേകം വാക്‌സിന്‍ കാംപെയിന്‍ ആരംഭിക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. HSE-യുടെ നിലവിലുള്ള കാംപെയിനുകള്‍ക്ക് പുറമെ പ്രത്യേകവിഭാഗക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ കാംപെയനുകള്‍ വേണമെന്നാണ് കരുതുന്നതെന്ന് വരദ്കര്‍ പറഞ്ഞു.

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ മിക്കവരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇനിയും വാക്‌സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കുത്തിവെപ്പ് എടുക്കണം. വാക്‌സിന്‍ അയര്‍ലണ്ടില്‍ സൗജന്യമാണ്. സ്വയം സുരക്ഷയ്ക്കും, മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ദീര്‍ഘകാലമായി അസുഖങ്ങളോ, മറ്റ് പ്രത്യേക ആരോഗ്യപ്രശ്‌നമോ ഉള്ളവര്‍ക്ക് ഡോക്ടറുടെ വിദഗ്ദ്ധ നിര്‍ദ്ദേശത്തോടെ വാക്‌സിന്‍ സ്വീകരിക്കാം. ഇതിനായി സമീപത്തെ HSE സെന്ററുകള്‍, GP എന്നിവരെ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.hse.ie/eng/ സന്ദര്‍ശിക്കുക.

Share this news

Leave a Reply

%d bloggers like this: