അയർലണ്ടിലെ സ്ഥാപനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നു; സമൂഹത്തെ നശിപ്പിക്കുന്ന നടപടിയെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ചില നൈറ്റ് ക്ലബ്ബുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നും, അത് സമൂഹത്തിന്റെ നാശത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ജനങ്ങളുടെ വികാരം അവര്‍ മനസിലാക്കണമെന്നും മാര്‍ട്ടിന്‍ ശനിയാഴ്ച പറഞ്ഞു.

രാജ്യത്തെ വിനോദമേഖല അടക്കമുള്ള രംഗങ്ങളില്‍ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച മന്ത്രിസഭാ ഉപസമിതി ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. PUP, സാമ്പത്തിക സഹായങ്ങള്‍ എന്നിവയെല്ലാം അതില്‍ ചര്‍ച്ചയാകും.

നിലവിലെ നിന്ത്രണങ്ങളോട് മമത പാലിക്കാനും, വൈറസ് പടരുന്നത് തടയാനും പ്രധാനമന്ത്രി ബിസിനസ് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് കാരണം പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട ആളുകളുടെ അവസ്ഥയെപ്പറ്റി ചിന്തിച്ചുനോക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

രാജ്യം കോവിഡിന്റെ നാലാം തരംഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് പറഞ്ഞ മാര്‍ട്ടിന്‍, ആരോഗ്യമേഖല നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ബൂസ്റ്റര്‍ കാംപെയ്‌നുകളും ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ 5,959 പേര്‍ക്കാണ് അയര്‍ലണ്ടില്‍ ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ആരംഭിച്ച ശേഷം രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു ശനിയാഴ്ച.

640 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 121 പേര്‍ ഐസിയുവിലാണ്.

അതേസമയം വീണ്ടുമൊരു ലോക്ക്ഡൗണിന് തങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ലെന്ന് Nphet വ്യക്തമാക്കി. ഓസ്ട്രിയ, നെതര്‍ലണ്ട്‌സ് തുടങ്ങിയ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങളാണ് അവിടങ്ങളില്‍ അരങ്ങേറുന്നത്.

Share this news

Leave a Reply

%d bloggers like this: