മഹാമാരിക്കാലത്തും ഭക്ഷണം പുറത്തുനിന്ന്; വീട്ടിലിരിക്കാൻ സർക്കാർ ആവർത്തിക്കുമ്പോഴും അയർലണ്ടിലെ റസ്റ്ററന്റുകളിൽ തിരക്ക് വർദ്ധിക്കുന്നു

രാജ്യത്തെ റസ്റ്ററന്റുകളില്‍ കോവിഡ് കാലത്തിന് മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ ബുക്കിങ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. കോവിഡ് ബാധ രൂക്ഷമായിരിക്കുന്നതിനിടെ സമ്പര്‍ക്കങ്ങള്‍ കുറയ്ക്കാനും, സാമൂഹിക അകലം പാലിക്കാനും സര്‍ക്കാരും, ആരോഗ്യപ്രവര്‍ത്തകരും ആണയിടുന്നതിനിടെയാണ് റസ്റ്ററന്റുകള്‍ വീണ്ടും തിരക്കേറിയ നാളുകളിലേയ്ക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നതെന്നതാണ് വിരോധാഭാസം.

ഈ മാസം അയര്‍ലണ്ടിലെ റസ്റ്ററന്റുകളില്‍ ബുക്ക് ചെയ്യപ്പെട്ട സീറ്റുകള്‍ ശരാശരി 85% ആണെന്നാണ് റസ്റ്ററന്റ് ബുക്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റായ Open Table പറയുന്നത്. കോവിഡിന് മുമ്പ് 2019-ല്‍ ഇതേ മാസം ഉണ്ടായതിനെക്കാള്‍ വര്‍ദ്ധിച്ച ബുക്കിങ്ങാണിത്. നവംബര്‍ 13 ശനിയാഴ്ച ഉണ്ടായ ബുക്കിങ് 2019-ലെ ഇതേ ദിവസത്തെക്കാള്‍ 102% അധികമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡബ്ലിനിലും സമാനമായ പ്രവണതയാണ് കണ്ടുവരുന്നത്. 2019 നവംബര്‍ 20-ന് ഡബ്ലിനിലെ റസ്റ്ററന്റുകളില്‍ ഉണ്ടായിരുന്നതിനെക്കാള്‍ 59% അധിക ബുക്കിങ്ങാണ് ഇക്കഴിഞ്ഞ ശനിയാഴ്ച അനുഭവപ്പെട്ടത്. രാജ്യത്തെ മറ്റ് നഗരങ്ങളിലെക്കാള്‍ തിരക്ക് അനുഭവപ്പെടുന്നതും ഡബ്ലിനിലെ റസ്റ്ററന്റുകളിലാണ്.

ലോക പ്രശസ്ത നഗരങ്ങളായ ലണ്ടന്‍, ന്യൂയോര്‍ക്ക്, ബെര്‍ലിന്‍ എന്നിവിടങ്ങളിലെ റസ്റ്ററന്റ് ബുക്കിങ്ങുകള്‍ ഇപ്പോഴും കോവിഡ് കാലത്തിന് മുമ്പുള്ളതിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല എന്ന കണക്കും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ റസ്റ്ററന്റുകളും, പബ്ബുകളും അര്‍ദ്ധരാത്രിക്ക് മുമ്പ് അടയ്ക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലും റസ്റ്ററന്റുകളിലെ തിരക്ക് കുറയുന്നില്ല എന്നത് ഗൗരവത്തോടെ വേണം കാണാന്‍.

ഇതിനിടെ 3,666 പേര്‍ക്ക് കൂടി ഇന്നലെ അയര്‍ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചു. 638 പേരാണ് നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 130 പേര്‍ ഐസിയുവിലാണ്.

Share this news

Leave a Reply

%d bloggers like this: