മൂന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് മാസ്ക്, വിദേശത്ത് നിന്നും അയർലണ്ടിൽ എത്തുന്നവർക്ക് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട്; സർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ വായിക്കാം

അയര്‍ലണ്ടില്‍ മൂന്നാം ക്ലാസ് മുതല്‍ മേല്‍പോട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഇന്നുമുതല്‍ മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് ലഭിക്കണമെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നാണിത്. ഈ തീരുമാനം 2022 ഫെബ്രുവരി പകുതിയോടെ പുനഃപരിശോധിക്കും.

12 വയസിന് താഴെയുള്ള കുട്ടികള്‍ അടുത്ത രണ്ടാഴ്ചത്തേയ്ക്ക് സമ്പര്‍ക്കങ്ങള്‍ കുറയ്ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചിരുന്നു.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിസഭ എടുത്ത മറ്റ് പ്രധാന തീരുമാനങ്ങള്‍ ചുവടെ:

  1. 9 വയസും അതിന് മേലും പ്രായമുള്ള എല്ലാ കുട്ടികളും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും, ഷോപ്പിങ്ങിന് പോകുമ്പോഴും മാസ്‌ക് ധരിച്ചിരിക്കണം.
  2. വിദേശത്ത് നിന്നും അയര്‍ലണ്ടിലേയ്ക്ക് വരുന്നവര്‍ വാക്‌സിന്‍ എടുത്തിരുന്നവരായാലും, ഇവിടെ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ട് കയ്യില്‍ കരുതണം (സ്വയം എടുത്തത് ആകരുത്- അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നാകണം. നിയന്ത്രണം ഡിസംബര്‍ 3-ന് 12 AM മുതല്‍). PCR ടെസ്റ്റ് ആണെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്തത്. 11 വയസും, അതിന് താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് ടെസ്റ്റ് വേണ്ട എന്ന വ്യവസ്ഥ തുടരും. ഈ നിയന്ത്രണം രണ്ടാഴ്ചയ്ക്ക് ശേഷം പുനഃപരിശോധിക്കും.
  3. കോവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ പുനഃസ്ഥാപിക്കാന്‍ Health (Amendment) (No. 3) Bill 2021 പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തു.
  4. ചെറിയ ചെലവില്‍ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വിപണിയിലെത്തിക്കാന്‍ റീട്ടെയില്‍ സ്റ്റോറുകളുമായി കൈകോര്‍ക്കും.

മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍:

  1. ആന്റിജന്‍ ടെസ്റ്റുകള്‍ സ്വയം ചെയ്യുന്നത് അപര്യാപ്തമാണ്. സര്‍ട്ടിഫൈഡ് ആയ സ്ഥാപനങ്ങളോ, വ്യക്തികളോ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ടെസ്റ്റ് റിസല്‍ട്ട് മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കൂ.
  2. കോവിഡ് പിടിപെടാന്‍ വളരെയേറെ സാധ്യതയുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍, രോഗലക്ഷണം ഇല്ലെങ്കിലും ആഴ്ചയില്‍ രണ്ട് തവണ വീതം ആന്റിജന്‍ ടെസ്റ്റ് നടത്തണം.
Share this news

Leave a Reply

%d bloggers like this: