മാസ്ക് ധരിക്കില്ലെന്ന് കടുംപിടിത്തം; 66-കാരിയെ 10 ദിവസം തടവിന് വിധിച്ച് കോടതി

കോര്‍ക്കില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച വയോധികയ്ക്ക് 10 ദിവസം തടവ് ശിക്ഷ വിധിച്ച് കോടതി. Margaret Buttimer എന്ന 66-കാരിയെയാണ് Bandon District Court തടവിന് ശിക്ഷിച്ചത്. നേരത്തെയും മാസ്‌ക് ധരിക്കാത്തതിന് ആറ് തവണ നിയമനടപടി നേരിട്ട ഇവര്‍ മുമ്പ് പല തവണ പിഴയൊടുക്കിയിട്ടുണ്ട്.

കോവിഡിന് മുമ്പ് ഒരു തവണ പോലും യാതൊരു തരത്തിലുള്ള കേസിലും ഉള്‍പ്പെട്ടിട്ടില്ലാത്ത Margaret Buttimer, മാസ്‌ക് ധരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയത്. കൊറോണ വൈറസ് ഉണ്ടോ എന്ന കാര്യം തനിക്ക് സംശയമാണെന്നും, ഉണ്ടെങ്കില്‍ തന്നെ മാസ്‌ക് ധരിക്കുന്നതിലൂടെ അതിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നുമാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്. മാസ്‌ക് ധരിക്കുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് എന്നും ഇവര്‍ വാദിച്ചു.

കോര്‍ക്കിലെ Clonakilty-ലുള്ള Dunnes Stores-ല്‍ മാസ്‌ക് ധരിക്കാതെ ഷോപ്പിങ് നടത്തിയ കേസിലാണ് ഇവരെ ഒടുവിലായി അറസ്റ്റ് ചെയ്തത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത മാനേജറോട് താന്‍ ‘ദൈവത്തോട് മാത്രമേ ഉത്തരം നല്‍കേണ്ടതുള്ളൂ’ എന്നായിരുന്നു ഇവര്‍ മറുപടി പറഞ്ഞത്. തുടര്‍ന്ന് ഗാര്‍ഡ എത്തിയപ്പോഴും ഇവര്‍ മാസ്‌ക് ധരിക്കില്ലെന്ന നിലപാട് തുടര്‍ന്നു. എങ്കിലും ഇവര്‍ അക്രസ്വഭാവമൊന്നും കാണിച്ചിരുന്നില്ല.

മാസ്‌ക് ധരിക്കാതെയുള്ള ഈ സമീപനം തുടരുമോ എന്ന ജഡ്ജിന്റെ ചോദ്യത്തിന് തുടര്‍ന്നേക്കാം എന്ന തരത്തിലായിരുന്നു Buttimer-ന്റെ മറുപടി. തുടര്‍ന്ന് ഇവരെ തടവിന് വിധിക്കുന്നതില്‍ ഖേദിക്കുന്നെങ്കിലും, ആരോഗ്യനിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് ജനങ്ങള്‍ക്ക് സന്ദേശം നല്‍കുക എന്ന നിലയില്‍ അത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.

തടവില്‍ കഴിയുന്ന കാലയളവില്‍ തന്റെ ചെയ്തിയെക്കുറിച്ച് വീണ്ടുവിചാരം നടത്തണമെന്ന് Buttimer-നോട് പറഞ്ഞ കോടതി, ‘നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസങ്ങളാകാം, പക്ഷേ അത് മറ്റ് മനുഷ്യര്‍ക്ക് ദോഷം ചെയ്യുന്ന തരത്തിലാകരുത്’ എന്നും കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: