നദിയിൽ മുങ്ങിത്താഴുകയായിരുന്ന തന്റെ പിതാവിനെയും, എട്ട് വയസുകാരനായ കുട്ടിയെയും രക്ഷിച്ച 14-കാരിക്ക് യു.കെയിൽ ധീരതയ്ക്കുള്ള പരമോന്നത അവാർഡ്

നദിയില്‍ മുങ്ങിത്താഴവേ മരണത്തെ മുഖാമുഖം കണ്ട തന്റെ പിതാവിനെയും, കുടുംബസുഹൃത്തായ ആണ്‍കുട്ടിയെയും രക്ഷപ്പെടുത്തി ജീവന്റെ തീരത്തെത്തിച്ച 14-കാരിക്ക് യു.കെയില്‍ ആദരവ്. യു.കെയിലെ Armagh സ്വദേശിയായ Lucy Montgomery-നെയാണ് ധൈര്യപൂര്‍വ്വം പ്രവര്‍ത്തിച്ചതിനുള്ള യു.കെയിലെ അഭിമാനകരമായ ബഹുമതിയായ Royal Humane Society Testimonial on Vellum നല്‍കി സര്‍ക്കാര്‍ ആദരിച്ചത്.

ഇക്കഴിഞ്ഞ ജൂലൈ 21-ന് ഫ്രാന്‍സിലേയ്ക്ക് ഉല്ലാസയാത്ര പോയപ്പോഴായിരുന്നു ലൂസിയുടെ ധൈര്യവും, ഉടനടി തീരുമാനമെടുക്കാനുള്ള മികവും ലോകം തിരിച്ചറിഞ്ഞത്. നദിയില്‍ പാഡില്‍ ബോര്‍ഡിങ് നടത്തവേ ലൂസിയുടെ പിതാവ് Graham Montgomery-യും, ഇവരുടെ കുടുംബസുഹൃത്തിന്റെ മകനായ എട്ട് വയസുകാരനും സഞ്ചരിച്ച വഞ്ചികളുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇത് ശ്രദ്ധിച്ച ലൂസി ഇവരെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് നദിയിലുണ്ടായ വേലിയേറ്റത്തില്‍ എട്ട് വയസുകാരന്‍ വഞ്ചിയില്‍ ദൂരേയ്ക്ക് ഒഴുകിപ്പോയി. ലൂസിയുടെ പിതാവിനാകട്ടെ നീന്തല്‍ വശമില്ലായിരുന്നു. ഇതോടെ ലൂസി കാര്യത്തിന്റെ ഗൗരവം മനസിലാക്കി പ്രവര്‍ത്തിക്കുകയും, തന്റെ വഞ്ചിയില്‍ പുറകെ ചെന്ന് കുട്ടിയുടെ വഞ്ചി തള്ളി മറുകരയ്‌ക്കെത്തിക്കുകയും ചെയ്തു.

ഇതിനിടെ കരയിലേയ്ക്ക് തുഴയാന്‍ ശ്രമിച്ച ലൂസിയുടെ പിതാവും അപകത്തില്‍പ്പെട്ടു. വേലിയേറ്റത്തില്‍ പെട്ട ഇദ്ദേഹത്തിന്റെ വഞ്ചിയും നദിയിലൂടെ ആഴത്തിലേയ്ക്ക് ഒഴുകിപ്പോകാനാരംഭിച്ചു. ഇത് കണ്ട് തന്റെ വഞ്ചിയുമായി നദിയിലേയ്ക്ക് കുതിച്ച ലൂസി, അദ്ദേഹത്തെയും, വഞ്ചിയെയും സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. ലൂസി രക്ഷിച്ച എട്ട് വയസുകാരനായ കുട്ടിയും ഇവരെ സഹായിച്ചു. ഇതിനിടെ വീണ്ടും വേലിയേറ്റമുണ്ടാകുകയും, ലൂസി ഒഴുകിപ്പോകുകയും ചെയ്‌തെങ്കിലും ഇതിനെയും അതിജീവിച്ച ലൂസി സുരക്ഷിതയായി തീരമണഞ്ഞു.

ലൂസിയുടെ സന്ദര്‍ഭോചിതമായ ധൈര്യവും, പക്വതയാര്‍ന്ന ഇടപെടലും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഉല്ലാസയാത്ര ഒരു കണ്ണീര്‍ച്ചിത്രമായേനെ.

Royal Humane Society ലൂസിയുടെ ധൈര്യത്തിന് Testimonial on Vellum അവാര്‍ഡ് നല്‍കിയാണ് അദരിച്ചത്. മറ്റ് മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്ന ആളുകള്‍ക്ക് യു.കെയില്‍ നില്‍കിവരുന്ന പ്രശസ്തമായ അവാര്‍ഡാണിത്. സൊസൈറ്റി സെക്രട്ടറി Andrew Chapman ലൂസിയെ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.

1774-ല്‍ അക്കാലത്തെ പ്രശസ്ത വൈദ്യശാസ്ത്രവിദഗ്ദ്ധരായിരുന്ന William Hawes, Thomas Cogan എന്നിവര്‍ ചേര്‍ന്നാണ് Royal Humane Society സ്ഥാപിച്ചത്. ഇതുവരെ 2 ലക്ഷത്തിലേറെ അവാര്‍ഡുകള്‍ സൊസൈറ്റി നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: