അയർലണ്ടിൽ മദ്യത്തിന് മിനിമം വില; നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

അയര്‍ലണ്ടില്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മിനിമം വില സംവിധാനം ഇന്നുമുതല്‍ നിലവില്‍ വരും. ഇതോടെ ഇന്നുമുതല്‍ ഒരു ഗ്രാം മദ്യത്തിനുള്ള കുറഞ്ഞ വില 10 സെന്റ് ആകും. വിവാദമായ Public Health (Alcohol) Act 2018 പ്രകാരമാണ് തീരുമാനം. ലോകത്തെ ഏതാനും രാജ്യങ്ങള്‍ മാത്രമാണ് മദ്യത്തിന് കുറഞ്ഞ വില (minimum pricing) സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് മുതല്‍ ഒരു ശരാശരി ബോട്ടില്‍ വൈന്‍ 7.40 യൂറോയ്ക്ക് താഴെ ലഭിക്കില്ല. അതുപോലെ ബിയറിന് കുറഞ്ഞ വില 1.70 യൂറോ ആകും.

സ്പിരിറ്റ് കൂടുതലായി അടങ്ങിയ മദ്യങ്ങള്‍ക്കും വില വര്‍ദ്ധിക്കും. വോഡ്ക, ജിന്‍ എന്നിവയുടെ കുറഞ്ഞ വില 20.70 യൂറോ ആകും. വിസ്‌കിക്ക് 22 യൂറോയും.

‘മദ്യത്തിന്റെ ഉപയോഗം കാരണമുള്ള ഗൗരവകരമായ അസുഖങ്ങളും മരണങ്ങളും കുറയ്ക്കാനും, അതുവഴി നമ്മുടെ ആരോഗ്യസംവിധാനത്തിന് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനുമാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്,’ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു.

സ്‌കോട്‌ലണ്ടില്‍ സമാനമായ സംവിധാനം ഫലം കണ്ടുവെന്നും, ഇവിടെയും നിയമം ഫലവത്താകുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിനിമം വില സംവിധാനം വരുന്നതോടെ കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കും പോക്കറ്റ് മണിയുമായി എത്തി ഇനിമുതല്‍ മദ്യം വാങ്ങാന്‍ സാധിക്കില്ലെന്ന് ആരോഗ്യസഹമന്ത്രി ഫ്രാങ്കീ ഫെയ്ഗനും പറഞ്ഞു. വില കുറവായതനില്‍ കുറേയേറെ മദ്യം വാങ്ങി കുടിക്കുന്നതിനും അറുതി വരും.

നിയമം നടപ്പിലാകുന്നതോടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ എന്നിവിടങ്ങളിലെ മദ്യ വില്‍പ്പന കുറയുമെന്നാണ് കരുതപ്പെടുന്നത്.

സ്‌കോട്‌ലണ്ട്, വെയില്‍സ്, റഷ്യന്‍ ഫെഡറേഷന്‍, ഓസ്‌ട്രേലിയയിലെ ചില പ്രദേശങ്ങള്‍, കാനഡ എന്നിവിടങ്ങളിലാണ് സമാനമായ നിയമം നിലവിലുള്ളത്.

Share this news

Leave a Reply

%d bloggers like this: