ഓൺലൈൻ വഴി പ്രണയം നടിച്ച് പണം തട്ടിപ്പ്; അയർലണ്ടിൽ പരാതികൾ വർദ്ധിക്കുന്നു

ഓണ്‍ലൈന്‍ വഴി പ്രണയം നടിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചുവരുന്നതായി ഗാര്‍ഡ. കോര്‍ക്കില്‍ ഇത്തരത്തില്‍ നടന്ന ഒരുപിടി കേസുകളില്‍ തങ്ങള്‍ അന്വേഷണം നടത്തിവരികയാണെന്നും ഗാര്‍ഡ പറഞ്ഞു.

ഓണ്‍ലൈനില്‍ കണ്ടുമുട്ടി പരിചയത്തിലാവര്‍ ആവശ്യപ്പെട്ടതനുസരിച്ച് വലിയ തുകകള്‍ അയച്ചുനല്‍കിയ നിരവധി സംഭവങ്ങളാണ് ഈയിടെയായി നടന്നിരിക്കുന്നത്. Garda National Economic Crime Bureau ആണ് പരാതികള്‍ അന്വേഷിക്കുന്നത്.

സോഷ്യല്‍ മീഡിയ, ഡേറ്റിങ് ആപ്പുകള്‍ എന്നിവ വഴിയാണ് ഇരകള്‍ തട്ടിപ്പുകാരെ പരിചയപ്പെടുന്നത്. തട്ടിപ്പുകാര്‍ പ്രണയം നടിക്കുകയും, പിന്നീട് വല്ല അത്യാവശ്യവും പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്യുന്നതോടെ ഒന്ന് കാണുക പോലും ചെയ്യാത്തവര്‍ക്ക് ഇരകള്‍ വലിയ തുകകളാണ് അയച്ചുനല്‍കുന്നത്.

ഇത്തരത്തില്‍ ഇരയായ ഒരാള്‍ 1 ലക്ഷം യൂറോയും, മറ്റൊരാള്‍ ആയിരക്കണക്കിന് യൂറോയും അയച്ചുനല്‍കിയതായി ഗാര്‍ഡ പറയുന്നു.

ഇത്തരം സംഭവങ്ങളില്‍ തട്ടിപ്പുകാര്‍ പലതും അയര്‍ലണ്ടിന് പുറത്തായതിന് കാരണം പണം തിരിച്ച് ലഭിക്കാനോ, കേസെടുക്കാനോ പ്രയാസമുള്ളതായും ഗാര്‍ഡ പറയുന്നു.

ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ നേരിട്ട് പരിചയമില്ലാത്തവര്‍ക്ക് പണം നല്‍കരുതെന്നും, അഥവാ തട്ടിപ്പിന് ഇരയായതായി തോന്നിയാല്‍ മാനക്കേടോര്‍ത്ത് പുറത്തുപറയാതിരിക്കരുതെന്നും, ഉടന്‍ ഗാര്‍ഡയുമായി ബന്ധപ്പെടണമെന്നും ഗാര്‍ഡ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: