അയർലണ്ടിൽ ഇന്നുവരെ 10 ലക്ഷം കോവിഡ് രോഗികൾ; നിർബന്ധിത വാക്‌സിനേഷൻ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി

അയർലണ്ടിൽ ഇന്നുവരെയുണ്ടായ ആകെ കോവിഡ് കേസുകളുടെ എണ്ണം 10 ലക്ഷം ആയി. കഴിഞ്ഞ ദിവസം 23,909 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. 2020 ഫെബ്രുവരി മുതൽ
1,002,013 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്.

കൂടാതെ കോവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 11 മാസത്തിനിടെ ഏറ്റവും അധികമായതായും HSE അറിയിച്ചു. നിലവിൽ 1,063 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 89 പേർ ഐസിയുവിലാണ്.

ഇതിനിടെ രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടത്തില്ല എന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ വ്യക്തമാക്കി. നേരത്തെ National Public Health Advisory Committee (NPHAC) അയർലണ്ടിൽ നിർബന്ധിത വാക്‌സിനേഷന്റെ സാധ്യതകളെ പറ്റി ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഭരണഘടനയിൽ ഉറപ്പ് തരുന്ന അവകാശങ്ങളുടെ ലംഘനമായേക്കും ഇതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്തെ ജനങ്ങൾ സ്വയം തീരുമാനിച്ച് വാക്‌സിനേഷൻ എടുക്കുന്ന നയം തന്നെ തുടരുമെന്നും, വാക്‌സിനേഷൻ പദ്ധതി വിജയമാണ് എന്നതിന്റെ തെളിവാണ് ഭൂരിഭാഗം പേരും വാക്‌സിൻ സ്വീകരിച്ചതെന്നും പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: