ഒമിക്രോൺ തിരിച്ചടിയായി; ഐറിഷ് വിമാനക്കമ്പനിയായ Ryanair-ന് 96 മില്യൺ യൂറോ നഷ്ടം

അയര്‍ലണ്ടടക്കമുള്ള രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിതീവ്രമായി വ്യാപിച്ചതോടെ ഡിസംബര്‍ മാസത്തില്‍ തങ്ങള്‍ക്ക് വന്‍ നഷ്ടം നേരിട്ടതായി ഐറിഷ് വിമാനക്കമ്പനി Ryanair. ഒമിക്രോണ്‍ വ്യാപനം കാരണം അന്താരാഷ്ട്ര യാത്രയ്ക്ക് വിലക്കും, കടുത്ത നിയന്ത്രണവും വന്നതോടെ വലിയ തിരിച്ചടിയാണ് കമ്പനി നേരിട്ടത്.

2021-ന്റെ മൂന്നാം പാദത്തില്‍ 96 മില്യണ്‍ യൂറോയുടെ നഷ്ടം നേരിട്ടതായി Ryanair പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 2020-ല്‍ ഇതേ കാലയളവില്‍ കമ്പനിക്കുണ്ടായ നഷ്ടം 321 മില്യണ്‍ യൂറോയായിരുന്നു.

2021-ല്‍ ആകെ 250 മില്യണ്‍ യൂറോയ്ക്കും 450 മില്യണ്‍ യൂറോയ്ക്കും ഇടയില്‍ നഷ്ടം സംഭവിച്ചതായാണ് കമ്പനി പറയുന്നത്. കൂടുതല്‍ പേരെ യാത്രയ്ക്ക് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് ചാര്‍ജ്ജില്‍ വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കിയതും വരുമാന നഷ്ടത്തിന് കാരണമായി.

അതേസമയം നിലവില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും എപ്പോള്‍ വേണമെങ്കിലും വീണ്ടും സര്‍വീസുകളില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറഞ്ഞു.

2021 ഒക്ടോബറില്‍ 11.3 മില്യണ്‍ പേരും, നവംബറില്‍ 10.2 മില്യണ്‍ പേരും Ryanair വിമാനങ്ങളില്‍ യാത്ര ചെയ്തതായാണ് കണക്ക്. എന്നാല്‍ ക്രിസ്മസ് കാലമായിട്ടുപോലും ഡിസംബറില്‍ 9.5 മില്യണ്‍ പേര്‍ മാത്രമാണ് Ryanair-ല്‍ യാത്രയ്‌ക്കെത്തിയത്. യാത്രക്കാരുടെ എണ്ണം 11 മില്യണെങ്കിലും കമ്പനി പ്രതീക്ഷിച്ചിരുന്നു.

ഒമിക്രോണ്‍ ബാധയും, മാധ്യമങ്ങളില്‍ അതിന് വന്ന പ്രധാന്യവും ബാധിച്ചതായാണ് കമ്പനി വിലയിരുത്തുന്നത്. വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി.

എന്നിരുന്നാലും 2020-ലെ കോവിഡ് കാലത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ നാലിരട്ടിയോളം വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്.

മാര്‍ച്ച് മാസത്തോടെ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 100 മില്യണ്‍ യാത്രക്കാരെയാണ് കമ്പനി ആകെ പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: