അയർലണ്ടിൽ കുട്ടികൾക്ക് നൽകിയ വാക്സിൻ ഡോസിൽ പാളിച്ച; പലർക്കും നൽകിയത് മുതിർന്നവർക്കുള്ള അളവിലെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതിക്കിടെ ചില കുട്ടികള്‍ക്ക് നല്‍കിയത് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അതേ ഡോസിലുള്ള വാക്‌സിനെന്ന് റിപ്പോര്‍ട്ട്. സെക്കന്‍ഡ് ഡോസ് എടുക്കാനായി മാസ് വാക്‌സിനേഷന്‍ സെന്ററിലെത്തിയ കുട്ടികളുടെ വിവരങ്ങള്‍ പരിശോധിച്ച വാക്‌സിനേറ്റര്‍മാര്‍, ഇവരുടെ കാര്‍ഡില്‍ രേഖപ്പെടുത്തിയ ആദ്യ ഡോസിലുള്ള അളവ് വ്യത്യാസം കണ്ടെത്തുകയായിരുന്നു.

കുട്ടികള്‍ക്ക് നല്‍കേണ്ട Pfizer/BioNTech (Comirnaty എന്നും ഈ വാക്‌സിന്‍ അറിയപ്പെടുന്നു) വാക്‌സിന്റെ ഡോസ് 10 മില്ലിഗ്രാം ആണെന്നാണ് ആരോഗ്യസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 30 മില്ലിഗ്രാമും. എന്നാല്‍ ഏതാനും കുട്ടികള്‍ക്ക് ആദ്യ ഡോസ് 30 മില്ലിയാണ് നല്‍കിയതെന്നാണ് കണ്ടെത്തല്‍.

ഡോസ് അധികം നല്‍കിയതായി കണ്ടെത്തിയ ഏഴ് കുട്ടികളില്‍ ഒരാള്‍ക്ക് ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.

വാക്‌സിന്‍ സെന്ററുകള്‍, ഫാര്‍മസികള്‍, ജിപിമാര്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഈ കുട്ടികള്‍ ആദ്യ ഡോസ് എടുത്തതെന്ന് Health Products Regulatory Authority (HPRA) വക്താവ് പറഞ്ഞു. ആറ് കുട്ടികള്‍ക്കും പാര്‍്വഫലങ്ങളൊന്നും ഉണ്ടായില്ലെങ്കിലും, ഒരാള്‍ക്ക് കുറച്ച് സമയത്തേയ്ക്ക് ക്ഷീണം അനുഭവപ്പെട്ടതായും അവര്‍ വ്യക്തമാക്കി.

വാക്‌സിന്‍ ഡോസ് എങ്ങനെ തിരിച്ചറിയാം?

മുതിര്‍ന്നവര്‍ക്കുള്ള Pfizer/BioNTech വാക്‌സിന്റെ കുപ്പിക്ക് പര്‍പ്പിള്‍ നിറത്തിലുള്ള ക്യാപ് ആണ് ഉണ്ടാകുക. ഇത് 30 മില്ലി ആയിരിക്കും. കുട്ടികള്‍ക്കുള്ളതിന്റെ ക്യാപ്പിന് ഓറഞ്ച് നിറമായിരിക്കും. 5-11 പ്രായക്കാര്‍ക്കുള്ള ഈ ഡോസ് 10 മില്ലി ആയിരിക്കും.

വാക്‌സിനേഷന്‍ സെന്ററുകള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് HSE-യുടെ National Immunisation Office (NIO) അഭ്യര്‍ത്ഥിച്ചു. കുട്ടികളുമായെത്തുന്ന രക്ഷിതാക്കള്‍ക്കും ഇക്കാര്യം ഉറപ്പാക്കാം.

Health Protection Surveillance Centre (HPSC) കണക്കനുസരിച്ച് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ (ഫെബ്രുവരി 2 വരെ) 5-11 പ്രായക്കാരായ 17.3% കുട്ടികളാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 3.1% കുട്ടികള്‍ രണ്ട് ഡോസും സ്വീകരിച്ചു.

അതേസമയം 12-17 പ്രായക്കാരായ 75.6% പേരും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: