ഭവന പ്രതിസന്ധി രൂക്ഷമായ അയർലണ്ടിൽ സ്വകാര്യ കമ്പനികൾ കയ്യടക്കിവച്ചിരിക്കുന്നത് 17,000 വീടുകൾ

ഭവനപ്രതിസന്ധി രൂക്ഷമായി തുടരുന്ന അയര്‍ലണ്ടിലെ 17,000 വീടുകളും, അപ്പാര്‍ട്ട്‌മെന്റുകളും കൈയടക്കി വച്ചിരിക്കുന്നത് രാജ്യത്തെ 10 സ്വകാര്യ ഭൂവുടമകള്‍. ഇതില്‍ മിക്കവയും ഡബ്ലിന്‍ പ്രദേശത്താണെന്നും Irish Independent പുറത്തുവിട്ട പ്രത്യേക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് പല തവണയായി ഇത്രയും വീടുകള്‍ സ്വകാര്യ ഭൂവുടമകള്‍ വാങ്ങിക്കൂട്ടിയത്. 8 ബില്യണ്‍ യൂറോയോളമാണ് ഇതിനായി ചെലവിട്ടത്. രാജ്യത്തെ ഭവനപ്രതിസന്ധി മുതലെടുത്ത് ഇതില്‍ മിക്കവയും വാടകയ്ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും, വാടകപ്രതിസന്ധി വരുംവര്‍ഷങ്ങളിലും തുടരുമെന്നാണ് ഇവര്‍ കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അയര്‍ലണ്ടിലെ ഏറ്റവും വലിയ 10 ഭൂവുടമകളില്‍ ഒന്നാം സ്ഥാനത്ത് Ires Reit ആണ്. 3,900 വീടുകളും, അപ്പാര്‍ട്ട്‌മെന്റുകളുമാണ് ഇവരുടെ ഉടമസ്ഥതയിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള Kennedy Wilson-ന്റെ പക്കല്‍ 2,345 വീടുകളും, മൂന്നാം സ്ഥാനത്തെ Ardstone Capital-ന്റെ കൈവശം 2,000 വീടുകളുമുണ്ട്.

ഡബ്ലിന്‍ കഴിഞ്ഞാല്‍ കോര്‍ക്ക്, ഗോള്‍വേ എന്നിവിടങ്ങളിലാണ് വന്‍കിട ഭൂവുടമകളുടെ നിക്ഷേപങ്ങള്‍. ഭവന, വാടക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളാണ് ഇവയെന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഇവരുടെ പക്കലുള്ള വസ്തുവകകളില്‍ മിക്കവയും അപ്പാര്‍ട്ട്‌മെന്റുകളാണ്. അവയ്ക്കാകട്ടെ വലിയ വാടകയും നല്‍കണം. ജിം, തിയറ്റര്‍ പോലുള്ള സൗകര്യങ്ങളും ചില അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകളില്‍ നല്‍കുന്നുണ്ട്. വാടക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ ഉടനടി പരിഹരിക്കുമെന്ന് വാഗ്ദാനവും നല്‍കുന്നു.

പല അപ്പാര്‍ട്ട്‌മെന്റുകളും പണിതീരും മുമ്പ് തന്നെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാതെ ഡെവലപ്പര്‍മാരില്‍ നിന്നും വന്‍കിട ബിസിനസുകാര്‍ സ്വന്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. അതല്ലെങ്കില്‍ അവര്‍ തന്നെ അപ്പാര്‍ട്ട്‌മെന്റുകള്‍ പണിത് വാടകയ്ക്ക് നല്‍കുന്നു.

തങ്ങള്‍ പുറത്തുവിട്ട പട്ടികയില്‍ യുഎസിലെ Hines പോലുള്ള വന്‍കിട കമ്പനികളില്ലെന്നും Irish Independent പറയുന്നു. Hines-ന്റെ പല പ്രോജക്ടുകളും പണി പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഡബ്ലിനിലെ Drumcondra-യിലെ Clonliffe College-ന്റെ സ്ഥലത്ത് 600 മില്യണ്‍ യൂറോ ചെലവിട്ട് 1,600 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കാനുള്ള അനുമതി കഴിഞ്ഞ നവംബറില്‍ Hines നേടിയിരുന്നു. ഈ നീക്കത്തെ എതിര്‍ത്തവരില്‍ പ്രമുഖരിലൊരാള്‍ Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് ആയിരുന്നു.

Roundhill Capital, Avestus തുടങ്ങിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

അതുപോലെ പട്ടിക ഉണ്ടാക്കിയിരിക്കുന്നത് പൊതുവായി ലഭിക്കുന്ന വിവരങ്ങള്‍ വച്ചാണെന്നും, കമ്പനികളും ഡെവലപ്പര്‍മാരും തമ്മിലുള്ള രഹസ്യധാരണകള്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ അവര്‍ കൈയടക്കി വച്ചിരിക്കുന്ന വീടുകളുടെ എണ്ണം ഇതിലും വര്‍ദ്ധിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ഈ വിവരങ്ങള്‍ മൂന്ന് വര്‍ഷം മുമ്പ് വരെയുള്ളതാണെന്നും, പുതിയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ cuckoo funds എന്ന് വിളിക്കപ്പെടുന്ന കമ്പനികള്‍ വിസമ്മതിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതിനിടെയും ഭവനപ്രതിസന്ധിയുള്ള രാജ്യത്ത് വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും ലഭ്യമാക്കാന്‍ ഈ കമ്പനികള്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതില്‍ വലിയൊരു ശതമാനവും മികച്ച ശമ്പളവും, സ്വത്തുമുള്ളവരെ ഉദ്ദേശിച്ചാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് മാത്രം. Ardstone Capital, Patrizia പോലെ ചില കമ്പനികള്‍ സോഷ്യല്‍ ഹൗസിങ് പ്രോജക്ടുകള്‍ ചെയ്യുന്നതും ആശ്വസകരമാണ്.

Share this news

Leave a Reply

%d bloggers like this: