കിൽഡെയറിലെ പ്ലാന്റിൽ 12 ബില്യന്റെ വൻ നിക്ഷേപം നടത്താൻ ഇന്റൽ; 1,600 പേർക്ക് ജോലി നൽകും

കില്‍ഡെയറിലെ തങ്ങളുടെ പുതിയ പ്ലാന്റില്‍ 12 ബില്യണ്‍ യൂറോയുടെ വന്‍ നിക്ഷേപം നടത്താനൊരുങ്ങി ടെക് ഭീമന്മാരായ ഇന്റല്‍. നിക്ഷേപത്തോടൊപ്പം 1,600 പേര്‍ക്ക് കൂടി Fab 34 എന്നറിയപ്പെടുന്ന ഈ പ്ലാന്റില്‍ പുതുതായി ജോലി ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതോടെ അയര്‍ലണ്ടില്‍ ഇന്റലിനായി ജോലി ചെയ്യുന്ന ആകെ തൊഴിലാളികളുടെ എണ്ണം 6,500 ആകും.

പുതിയ നിക്ഷേപ പദ്ധതി കൂടി ചേരുന്നതോടെ അയര്‍ലണ്ടില്‍ ഇന്റല്‍ നടത്തിയിട്ടുള്ള ആകെ നിക്ഷേപം 30 ബില്യണ്‍ യൂറോ ആയി ഉയരുകയും ചെയ്യും. വരും വര്‍ഷങ്ങളില്‍ രാജ്യത്ത് ശക്തമായ സാന്നിദ്ധ്യമാകാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്ന് ഇന്റലിന്റെ ചീഫ് ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഓഫിസര്‍ Keyhvan Esfarjani പറയുന്നു.

2023 അവസാനത്തോടെ 12 ബില്യണ്‍ യൂറോ നിക്ഷേപം നടത്തി ബിസിനസ് വ്യാപിപ്പിക്കാനാണ് ഇന്റല്‍ ലക്ഷ്യമിടുന്നത്. നേരത്തെ Fab 34-ല്‍ 2019 മുതല്‍ നടത്തിവരുന്ന പ്രോജക്ട് വഴി 5,000-ലേറെ പേര്‍ക്ക് ജോലി നല്‍കിയതായും, 17 ബില്യണ്‍ യൂറോ നിക്ഷേപം നടത്തിയതായും ഇന്റലിന്റെ അയര്‍ലണ്ട് ഓപ്പറേഷന്‍സ് മാനേജര്‍ Eamonn Sinnott പറഞ്ഞു. ഇന്റലിന് അയര്‍ലണ്ടിനോടുള്ള പ്രതിബദ്ധത വെളിവാക്കുന്നതാണ് ഈ കണക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ Intel 4, Intel 3 സിസ്റ്റംസ് ആണ് പ്രധാനമായും കില്‍ഡെയറിലെ പ്ലാന്റില്‍ നിന്നും നിര്‍മ്മിച്ച് പുറത്തിറക്കുന്നത്.

അതേസമയം യൂറോപ്പിലാകമാനം ബിസിനസ് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇന്റല്‍, 17 ബില്യണ്‍ യൂറോയുടെ നിക്ഷേപമാണ് ജര്‍മ്മനിയില്‍ മാത്രം നടത്തുന്നത്. ഈ നിക്ഷേപം അയര്‍ലണ്ടില്‍ നടത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും വിപണി അടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ജര്‍മ്മനിയിലാണെന്ന് കണ്ട് ഇന്റല്‍ ചുവട് മാറ്റുകയായിരുന്നു. അതേസമയം അയര്‍ലണ്ടില്‍ നിക്ഷേപം നടത്തുന്നത് തുടരുമെന്നും, ഐറിഷ് സര്‍ക്കാരുമായി നല്ല ബന്ധമാണ് തങ്ങള്‍ പുലര്‍ത്തുന്നതെന്നും ഇന്റല്‍ അധികൃതര്‍ വ്യക്തമാക്കി.

യൂറോപ്പില്‍ അയര്‍ലണ്ടിനും ജര്‍മ്മനിക്കും പുറമെ ഇറ്റലി, പോളണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളിലും വന്‍കിട നിക്ഷേപ പദ്ധതികള്‍ ഇന്റല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ ആകെ മൈക്രോചിപ്പ് നിര്‍മ്മാണത്തിന്റെ 20% യൂറോപ്പില്‍ നിന്നുമാക്കുക എന്നതാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ 80% ചിപ്പുകളുടെയും നിര്‍മ്മാണം നടക്കുന്ന ഏഷ്യയിലാണ്.

Share this news

Leave a Reply

%d bloggers like this: