നിലവിലെ കോവിഡ് സാഹചര്യം ആശങ്കാജനകം, പക്ഷേ പരിഭ്രാന്തി വേണ്ട; നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരില്ലെന്നും വരദ്കർ

അയര്‍ലണ്ടില്‍ കോവിഡിന്റെ മറ്റൊരു തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും, നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. നിലവില്‍ കോവിഡ് കേസുകളിലുണ്ടാകുന്ന വര്‍ദ്ധന ആശങ്കാജനകമാണെങ്കിലും, പരിഭ്രാന്തരാകേണ്ടതില്ലെന്ന് വരദ്കര്‍ അഭിപ്രായപ്പെട്ടു.

ഏകദേശം 1,100 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 50-ഓളം പേര്‍ ഐസിയുവിലാണ്. അതേസമയം ആശുപത്രികളില്‍ കഴിയുന്ന പകുതി പേരും മറ്റ് രോഗങ്ങളുമായി എത്തിയ ശേഷം കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരാണെന്ന് വരദ്കര്‍ പറഞ്ഞു. കോവിഡ് കാരണം ജീവന്‍ നഷ്ടമായവരെ ഓര്‍ക്കാനായി ഞായറാഴ്ച നോര്‍ത്ത് ഡബ്ലിനിലെ Garden of Remembrance-ല്‍ സംഘടിപ്പിച്ച ദേശീയ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020 മാര്‍ച്ചില്‍ കോവിഡ് ആരംഭിച്ച ശേഷം 6,600-ലേറെ പേരാണ് അയര്‍ലണ്ടില്‍ കോവിഡിനോട് പൊരുതി ജീവന്‍ വെടിഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ടെന്ന് പറഞ്ഞ വരദ്കര്‍, ബൂസ്റ്റര്‍ ഷോട്ട് എടുത്തിട്ടില്ലാത്തവര്‍ എത്രയും പെട്ടെന്ന് കുത്തിവെപ്പെടുക്കണമെന്നും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കോവിഡ് നിയന്ത്രണങ്ങള്‍ തിരികെയെത്തുമോ എന്ന ചോദ്യത്തിന്, നിലവില്‍ അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും വരദ്കര്‍ പ്രതികരിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ എന്ത് തന്നെയായാലും മറ്റ് രോഗങ്ങള്‍ കാരണം ആശുപത്രി ചികിത്സ വേണ്ടവരാണെന്നും അദ്ദേഹം കാരണം വ്യക്തമാക്കി.

യൂറോപ്പിലാകമാനം ഒമിക്രോണ്‍ വകഭേദത്തിന്റെ രണ്ടാം തരംഗമാണെന്നും വരദ്കര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: