Finglas-ൽ വെടിവെപ്പ്; സ്ത്രീ കൊല്ലപ്പെട്ടു

ഡബ്ലിനിലെ Finglas-ല്‍ നടന്ന വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 8.40-ഓടെയാണ് അക്രമവിവരം അറിഞ്ഞ് ഗാര്‍ഡയും, അടിയന്തരരക്ഷാ സംഘവും സ്ഥലത്തെത്തിയത്. തുടര്‍ന്ന് വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ സ്ത്രീയെ Mater Misericordiae University Hospital-ല്‍ എത്തിച്ചെങ്കിലും ഇവര്‍ അവിടെ വച്ച് മരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട സ്ത്രീയുടെ പേര് Sandra Boyd എന്നാണന്നും, 36-കാരിയായ ഇവര്‍ക്ക് അഞ്ച് മക്കളുണ്ടെന്നും ഗാര്‍ഡ അറിയിച്ചു.

സാന്ദ്രയുടെ ശരീരം സിറ്റി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മറ്റ് കാര്യങ്ങളിലേയ്ക്ക് കടക്കും.

അക്രമം നടന്ന സ്ഥലം സീല്‍ ചെയ്ത ഗാര്‍ഡ ഫോറന്‍സിക് പരിശോധനകള്‍ നടത്തുകയാണ്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗാര്‍ഡ അറിയിച്ചു. അതേസമയം സാന്ദ്രയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റതാകാമെന്ന സാധ്യതയും ഗാര്‍ഡ പരിശോധിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി 8 മണിക്കും 9 മണിക്കും ഇടയില്‍ Collins Place, Ballygall Road West എന്നീ പ്രദേശങ്ങളിലോ, സമീപങ്ങളിലോ ഉണ്ടായിരുന്നവരോ, അക്രമസംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചന ഉള്ളവരോ ഉടന്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:
Finglas Garda Station 01 666 7500
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: