ഐറിഷ് സർക്കാരിന്റെ 200 യൂറോ ഇലക്ട്രിസിറ്റി ഗ്രാന്റ് അടുത്തയാഴ്ച മുതൽ; വാടകക്കാർക്ക് ഗുണം ലഭിക്കുമോ?

അയര്‍ലണ്ടില്‍ നിയന്ത്രണമില്ലാതെ കുതിക്കുന്ന ജീവിതച്ചെലവിന് പരിഹാരം കാണാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച 200 യൂറോ ഇലക്ട്രിസിറ്റി ഗ്രാന്റ് അടുത്തയാഴ്ച മുതല്‍ ലഭിച്ചു തുടങ്ങും. ഏപ്രില്‍ മാസം മുതല്‍ ക്രെഡിറ്റ് ലഭിച്ചുതുടങ്ങുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക്കായി തന്നെ ഓരോ വീട്ടിലെയും ഇലക്ട്രിസിറ്റി ബില്‍ അക്കൗണ്ടില്‍ ഈ തുക ക്രെഡിറ്റ് ആകുന്ന രീതിയിലാണ് പദ്ധതി. അതായത് വീട്ടുകാര്‍ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യേണ്ടതില്ല എന്നര്‍ത്ഥം.

അതേസമയം എല്ലാ വീട്ടുകാര്‍ക്കും ഏപ്രില്‍ മാസത്തില്‍ തന്നെ ഗ്രാന്റ് ലഭിക്കില്ലെന്നും, ചിലര്‍ മെയ്, ജൂണ്‍ മാസം വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്നും അധികൃതര്‍ പ്രത്യേകം പറയുന്നുണ്ട്. ഓരോ വീട്ടുകാരുടെയും ബില്ലിങ് തീയതി നോക്കി ക്രെഡിറ്റ് ലഭ്യമാക്കുന്നതിനാലാണ് ഇത്.

ഇതിനിടെ വൈദ്യുതി ബില്‍ നിരക്കില്‍ വര്‍ദ്ധന വരുത്തുമെന്ന് രാജ്യത്തെ പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനികളായ Energia, Bord Gais എന്നിവ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ മാസം മുതലാണ് നിരക്ക് വര്‍ദ്ധന നിലവില്‍ വരിക.

Energia ഉപഭോക്താക്കളുടെ ബില്ലില്‍ ആഴ്ചയില്‍ ശരാശരി 15% അഥവാ 8.20 യൂറോയും (വര്‍ഷം 426.40 യൂറോ), Bord Gais ഉപഭോക്താക്കള്‍ക്ക് 27% വര്‍ദ്ധനയുമാണ് ഉണ്ടാകുക.

ഈ രണ്ട് കമ്പനികളുടെ ഉപഭോക്താക്കള്‍ക്കും സര്‍ക്കാരിന്റെ വൈദ്യുതി ക്രെഡിറ്റ് ലഭിക്കുക ഏപ്രില്‍ 1-നും ജൂണ്‍ 30-നും ഇടയ്ക്കായിരിക്കും.

SSE Airtricity ഉപഭോക്താക്കളുടെ ബില്ലില്‍ ഏപ്രില്‍ 2 മുതല്‍ തുക ക്രെഡിറ്റ് ആകും. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കാന്‍ എന്ത് ചെയ്യണമെന്ന് കമ്പനിയുടെ സര്‍വീസ് സ്റ്റാഫ് വിളിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും.

Electric Ireland ഏപ്രില്‍ 4 മുതലും ക്രെഡിറ്റ് തുക ബില്ലില്‍ രേഖപ്പെടുത്തും. Pay As You Go (PAYG) സംവിധാനം വഴി ബില്ലടയ്ക്കുന്നവര്‍ക്ക് ഓട്ടോമാറ്റിക്കായി തുക ക്രെഡിറ്റ് ആകും. സാധാരണ PATG സ്‌കീമില്‍ ബില്ലടയ്ക്കുന്നവര്‍ എന്ത് ചെയ്യണമെന്ന് കമ്പനി വഴിയേ അറിയിക്കും.

ഇലക്ട്രിസിറ്റി ക്രെഡിറ്റ് തുകയില്‍ VAT ഉള്‍പ്പെടുത്തിയിട്ടുള്ളതാണെന്നും, രാജ്യത്തെ 2.25 മില്യണ്‍ അക്കൗണ്ടുകള്‍ക്ക് ഇതുമൂലം ഗുണം ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

വാടകക്കാര്‍

വാടകക്കാര്‍ക്ക് ക്രെഡിറ്റ് തുക ഗുണം ചെയ്യണമെങ്കില്‍ ബില്ലിങ് അക്കൗണ്ട് വാടകക്കാരുടെ പേരിലായിരിക്കണം. അതേസമയം വൈദ്യുതി കണക്ഷന്‍ ഉടമയുടെ പേരിലും, വാടകക്കാര്‍ ഉടമയ്ക്കാണ് വൈദ്യുതിയുടെ തുക നല്‍കുന്നത് എങ്കിലും ക്രെഡിറ്റ് സംബന്ധിച്ച് ഉടമയുമായി സംസാരിക്കുകയും, ആ തുക ഉടമ ബില്ലില്‍ ഇളവ് ചെയ്ത് നല്‍കേണ്ടവരികയും ചെയ്യേണ്ടിവരും.

Share this news

Leave a Reply

%d bloggers like this: