അയർലണ്ടിനോടും ഇടഞ്ഞ് റഷ്യ; മോസ്കോയിലെ രണ്ട് ഐറിഷ് നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം

ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തില്‍ തങ്ങള്‍ക്കെതിരെ നിലപാട് കൈക്കൊണ്ട അയര്‍ലണ്ടിന് തിരിച്ചടി നല്‍കി റഷ്യ. മോസ്‌കോയിലെ ഐറിഷ് എംബസിയിലുള്ള രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടന്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് ഐറിഷ് വിദേശകാര്യമന്ത്രി Simon Coveney വെളിപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇത് സംബന്ധിച്ച് എംബസി അംബാസഡര്‍ക്ക് നോട്ടീസ് ലഭിച്ചത്.

റഷ്യയുടെ ഈ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കുന്നതെല്ലെന്ന് Coveney പ്രതികരിച്ചു. നയതന്ത്രതലത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന യാതൊരു നിലപാടും മോസ്‌കോയിലെ ഐറിഷ് എംബസിയിലുള്ള ഉദ്യോഗസ്ഥര്‍ എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

റഷ്യയിലെ ഐറിഷ് സമൂഹത്തിന് വേണ്ട സേവനം നല്‍കുന്നതില്‍ നിന്നും തടയുന്നതിനായാണ് റഷ്യന്‍ ഫെഡറേഷന്‍ ഇത്തരമൊരു നടപടി കൈക്കൊണ്ടിരിക്കുന്നതെന്നും Coveney കുറ്റപ്പെടുത്തി.

അതേസമയം രണ്ടാഴ്ച മുമ്പാണ് അയര്‍ലണ്ടിലെ നാല് മുതിര്‍ന്ന റഷ്യന്‍ നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാന്‍ ഐറിഷ് സര്‍ക്കാര്‍ ഉത്തരവിട്ടത്. രാജ്യാന്തര നയതന്ത്രരീതികള്‍ക്ക് അനുസൃതമായല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശവും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. കൂടുതല്‍ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിട്ടേക്കുമെന്ന സൂചനയും ഐറിഷ് സര്‍ക്കാര്‍ നല്‍കിയിരുന്നു.

ഇതിനുള്ള പ്രതികാര നടപടിയെന്നോണമാണ് റഷ്യയും ഐറിഷ് നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള നടപടിയിലേയ്ക്ക് നീങ്ങിയതെന്നാണ് നിരീക്ഷണം.

ഇതിനിടെ ഡബ്ലിനിലെ റഷ്യന്‍ എംബസിയിലേയ്ക്ക് ആവശ്യത്തിന് ഇന്ധനം നല്‍കുന്നില്ലെന്ന് റഷ്യന്‍ നയതന്ത്രജ്ഞര്‍ പരാതിപ്പെട്ടിരുന്നു.

നേരത്തെ ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ അയര്‍ലണ്ടിലെങ്ങും പ്രതിഷേധപ്രകനങ്ങള്‍ നടന്നിരുന്നു. യുദ്ധത്തെ അപലപിച്ച അയര്‍ലണ്ട്, ആയുധം നല്‍കില്ലെങ്കിലും, ഉക്രെയിന് വേണ്ട മറ്റ് സഹായങ്ങള്‍ നല്‍കുമെന്ന് പ്രഖ്യപിച്ചിരുന്നു. ഉക്രെയിനില്‍ നിന്നുമെത്തുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: