എൻജിൻ തകരാർ; ഷാനൺ എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തി United Airlines വിമാനം; രണ്ടാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണ

എഞ്ചിന്‍ തകരാര്‍ കാരണം ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ജെറ്റ് വിമാനം.യുഎസില്‍ നിന്നും സ്വിറ്റ്‌സര്‍ലണ്ടിലേയ്ക്ക് പോകുകയായിരുന്ന United Airlines വിമാനമാണ് വ്യാഴാഴ്ച രാവിലെ എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.

രാവിലെ 5 മണിയോടെ കോര്‍ക്കിന് മുകളിലൂടെ സഞ്ചരിക്കവേ Boeing 767-300 മോഡല്‍ ജെറ്റ് വിമാനത്തിന്റെ ഇടത് എഞ്ചിന്‍ ഓഫായി. ഈ സമയം 116 യാത്രക്കാരും, 9 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അയിന്തര ലാന്‍ഡിങ്ങിന് അനുമതി തേടി.

എയര്‍പോര്‍ട്ടില്‍ അടയിന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള സന്നാഹവുമായി അധികൃതര്‍ കാത്തുനിന്നിരുന്നു. തുടര്‍ന്ന് 5.41-ഓടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

അതേസമയം ലാന്‍ഡിങ്ങിന് ശേഷം മുന്നോട്ട് നീങ്ങവെ വിമാനത്തിന്റെ ഇടത് ലാന്‍ഡിങ് ഗിയറില്‍ നിന്നും തീ ഉയര്‍ന്നതായി ഫയര്‍ ഫോഴ്‌സ് സംഘം പറഞ്ഞു. ഉടനടി ഫോം സ്‌പ്രേ ചെയ്ത് സംഘം തീ കെടുത്തി. ലാന്‍ഡിങ്ങിനിടെ ബ്രേക്കിങ് സിസ്റ്റം ഓവര്‍ ഹീറ്റായി തീപിടിച്ചതാണെന്നാണ് കരുതുന്നത്. യാത്രക്കാര്‍ക്ക് പരിക്കുകളോ, വിമാത്തിന് മറ്റ് കേടുപാടുകളോ ഉണ്ടായില്ല.

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ലണ്ടനില്‍ നിന്നും വേറെ വിമാനം എത്തിച്ച ശേഷം യാത്രക്കാരുമായി സംഘം സ്വിറ്റ്‌സര്‍ലണ്ടിലേയ്ക്ക് തിരിച്ചു.

ആഴ്ചകള്‍ക്കിടെ ഇത് രണ്ടാം തവണയാണ് United Airlines-ന്റെ വിമാനം ഷാനണ്‍ എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുന്നത്. അറ്റ്‌ലാന്റിക്കിന് മുകളില്‍ വച്ച് എഞ്ചിന്‍ കേടായതിനെത്തുടര്‍ന്ന് Newark – Zurich വിമാനം മാര്‍ച്ച് 28-ന് ഷാനണില്‍ ഇറക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: