അയർലണ്ടിലെ ഹോസ്പിറ്റലുകളിൽ ക്രമാതീതമായ തിരക്ക്; പ്രതിസന്ധി കാരണം നഴ്‌സുമാർ ജോലി വിടാൻ ആലോചിക്കുന്നതായി INMO

അയര്‍ലണ്ടിലെ ആശുപത്രികളിലെ രോഗികളുടെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ജോലി വിടാന്‍ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുമെന്ന മുന്നറിയിപ്പുമായി Irish Nurses and Midwives Organisation (INMO). തിരക്ക് കാരണം പല രോഗികളും ട്രോളികളിലാണ് ചികിത്സ തേടുന്നത്. വരും മാസങ്ങളില്‍ പ്രശ്‌നം രൂക്ഷമായേക്കുമെന്നും INMO പറയുന്നു.

INMO റിപ്പോര്‍ട്ട് പ്രകാരം മെയ് മാസം തുടങ്ങിയ ശേഷം 5,262 രോഗികളാണ് ട്രോളികളില്‍ ചികിത്സ തേടിയത്. 2021-ലെ ഇതേ സമയത്തെ അപേക്ഷിച്ച് 68% കൂടുതലാണിത്.

ഈയിടെ സംഘടന നടത്തിയ സര്‍വേയില്‍ 30% നഴ്‌സുമാരാണ് ഈ പ്രതിസന്ധി കാരണം ജോലി വിടുന്നതിനെപ്പറ്റി ആലോചിക്കുന്നതായി പ്രതികരിച്ചത്. അടുത്ത 12 മാസത്തിനിടെ വേറെ ജോലിയിലേയ്ക്ക് മാറാന്‍ ആലോചിക്കുന്നതായാണ് ഈ നഴ്‌സുമാര്‍ പറഞ്ഞത്.

സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്ന് INMO വ്യക്തമാക്കി. ഓരോ ആശുപത്രികളെയും പ്രത്യേകം പരിഗണിച്ചാണ് തിരക്ക് നിയന്ത്രിക്കേണ്ടതെന്നും സംഘടന പറയുന്നു.

Enhanced Nurse Salary അടക്കം നേരത്തെ അംഗീകരിച്ച നിര്‍ദ്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും INMO കൂട്ടിച്ചേര്‍ത്തു. തണുപ്പുകാലം വരെ ഈ തിരക്ക് തുടരുന്ന സ്ഥിതി അംഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: