”അറ്റുപോകാത്ത ഓർമ്മകളെ ” ചേർത്തുപിടിക്കാൻ തയ്യാറെടുത്ത് അയർലൻഡ് മലയാളികൾ ; പ്രൊഫ. ടി ജെ ജോസഫിനെ ഇന്ന് അയർലൻഡ് മലയാളി സമൂഹം അനുമോദിക്കും ; പരിപാടി വൈകീട്ട് 5 -ന് ലൂക്കൻ സെന്ററിൽ

2021ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രൊഫ. റ്റി ജെ ജോസഫിനെ അയർലൻഡ് മലയാളികൾ അനുമോദിക്കുന്നു. ആത്മകഥാ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന പുസ്തകം അവാർഡിന് അർഹമായത്. കേരളമനസാക്ഷിയെ തന്നെ പിടിച്ചുകുലുക്കിയ ആക്രമണവും അതേത്തുടർന്ന് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന ദുരിതപൂർണ്ണമായ ജീവിതത്തിന്റെ ജീവഗന്ധിയായ വിവരണമാണ് “അറ്റുപോകാത്ത ഓർമ്മകൾ”.

പ്രൊഫ. ടിജെ ജോസഫ് അയർലണ്ടിലായിരിക്കുമ്പോൾ അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചതിൽ മലയാളി സമൂഹം ആഹ്ലാദത്തിലാണ്. അദ്ദേഹത്തേ സ്വീകരിക്കാനും അയർലണ്ടിന്റെ അനുമോദനങ്ങൾ നൽകാനും മലയാളി സമൂഹം ഒന്നടങ്കം തയ്യാറെടുത്തു കഴിഞ്ഞു. അയർലണ്ടിലെ എല്ലാ മലയാളി സംഘടനകളും അംഗങ്ങളും ഒരുമിച്ചാണ് ഇന്ന് അദ്ദേഹത്തെ ആദരിക്കുന്നത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ജോർജ്ജ് പാലിശ്ശേരി(സീറോ മലബാർ കമ്മ്യുണിറ്റി അയർലൻഡ്), വിജയാനന്ദ്(മലയാളം), മനോജ് (ക്രാന്തി), ടോമി സെബാസ്റ്റ്യൻ (എസ്സെൻസ്), റോയ് കുഞ്ഞലക്കാട്(കേരള ഹൗസ്‌), ലിങ്ക്വിൻസ്റ്റാർ(ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്), മൈൻഡ് ഡബ്ലിൻ, എമി സെബാസ്റ്റ്യൻ(ദ്രൊഗെഡ മലയാളി അസോസിയേഷൻ), എഴുത്തുകാരി അശ്വതി പ്ലാക്കൽ, രാജു കുന്നക്കാട്ട്‌ എന്നിവർ പങ്കെടുക്കുന്നു

ഇന്ന്, 2022 ആഗസ്റ്റ് 7ആം തിയതി ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ഡബ്ലിൻ ലൂക്കനിലുള്ള ലൂക്കൻ സെന്ററിൽ വച്ചാണ് ജോസഫ് മാഷിന് സ്വീകരണവും തുടർന്ന് പൊതുസമ്മേളനവും നടത്തപ്പെടുന്നത്. എല്ലാ മേഖലയിൽ നിന്നുമുള്ള മലയാളികൾ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് അയർലണ്ടിലെ എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ജോർജ്ജ് പാലിശ്ശേരി,
കോർഡിനേറ്റർ.

Share this news

Leave a Reply

%d bloggers like this: