ഏഷ്യ കപ്പ് ; സൂപ്പർ ഫോർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെതിരെ

ദുബായ്: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 ന് ദുബായിലാണ് മത്സരം. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഈ മത്സരം വിജയിച്ചാല്‍ സൂപ്പര്‍ ഫോറിലേക്കുള്ള പ്രവേശനം ഉറപ്പിക്കാം.

പാകിസ്ഥാനെതിരെ കളിച്ച ഇന്ത്യന്‍ ടീമില്‍ ചെറിയ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്നും ലഭിക്കുന്ന സൂചന. കഴിഞ്ഞ കളിയില്‍ അവസരം ലഭിക്കാതിരുന്ന റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ദീപക് ഹൂഢ എന്നിവരെ ഇന്നത്തെ മത്സരത്തില്‍ പരിഗണിച്ചേക്കാം.

താരതമ്യേന ചെറിയ ടീമായി കണക്കാക്കാമെങ്കിലും, കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയെ വിറപ്പിച്ച ടീമാണ് ഹോങ്കോങ്. 286 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഇന്ത്യക്കെതിരെ അന്ന് 26 റണ്‍സ് മാത്രം അകലെയാണ് ഹോങ്കോങ് ഇന്നിങ്സ് അവാസാനിച്ചത്. മാത്രമല്ല ഹോങ്കോങ് നിരയില്‍ ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ഭൂരിഭാഗവും. കിന്‍ചിത്ത് ഷാ, ധനഞ്ജയ് റാവു, ആയുഷ് ശുക്ല, അഹാന്‍ ത്രിവേദി എന്നിവരാണ് ഹോങ്കോങ്ങിനായി കളിക്കുന്ന ഇന്ത്യക്കാര്‍. പാകിസ്ഥാന്‍ വംശജനായ നിസാഖാത്ത് ഖാന്‍ ആണ് ഹോങ്കോങ്ങിന്റെ നായകന്‍.

Share this news

Leave a Reply

%d bloggers like this: