ഇലക്ട്രിക്ക് പിക്‌നിക് ;അയർലൻഡിലെ സംഗീത മാമാങ്കത്തിന് ഇന്ന് തുടക്കം

അയര്‍ലന്‍ഡ് ഫെസ്റ്റിവല്‍ കലണ്ടറിലെ ഏറ്റവും സുപ്രധാന ഇവന്റായ ഇലക്ട്രിക് പിക്‌നിക്കിന് ഇന്ന് തുടക്കം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി Laois ലെ Stradbally Hall ലാണ് പരിപാടി. കോവിഡ് വ്യാപനം മൂലം മുടങ്ങിയ പരിപാടി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അയര്‍ലന്‍ഡിലേക്ക് തിരിച്ചെത്തുന്നത്.

ആദ്യ ദിവസമായ വെള്ളിയാഴ്ച ഐറിഷ് ഗായകന്‍ Dermot Kennedy, അമേരിക്കന്‍ റാപ്പര്‍ Megan Thee Stallion എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടികളാണ് പ്രധാന ആകര്‍ഷണം. ശനിയാഴ്ച Tame Impala, Picture This എന്നീ പ്രമുഖ ബാന്റുകളുടെയും, ഞായറാഴ്ച റോക്ക് ബാന്റുകളായ Snow Patrol, Arctic Monkeys എന്നിവരുടെ സംഗീത പരിപാടികളും അരങ്ങേറും. ഇതൊടൊപ്പം ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഇലക്ട്രിക് പിക്‌നിക്കിന്റെ ഭാഗമാവും.

സംഗീതപരിപാടികള്‍ കൂടാതെ ഡിബേറ്റുകള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കായുള്ള Mindfield area, ചില്‍ ഔട്ട് ചെയ്യാനായി The Mind & Body ഏരിയ, ഭക്ഷണ പ്രേമികള്‍ക്കായുള്ള Theatre of Food, ബാലെ, ഓപ്പെര എന്നിവയ്ക്കായി തിയേറ്റര്‍ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

പരിപാടിയില്‍ പങ്കെടുക്കുന്നതിനായുള്ള ടിക്കറ്റുകള്‍ മുഴുവനായും വിറ്റ് തീര്‍ന്നതായാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ റദ്ദാക്കിയ പരിപാടിയുടെ ടിക്കറ്റുകള്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അവ ഈ വര്‍ഷത്തെ ഫെസ്റ്റിവലിന് ഉപയോഗിക്കാം.

ക്യാമ്പ് ഫയര്‍, എയര്‍ഹോണുകള്‍, ഡ്രോണുകള്‍ എന്നിവ പരിപാടി സ്ഥലത്ത് അനുവദനീയമല്ല, ഗ്ലാസ് ബോട്ടിലുകളിലുള്ള മദ്യത്തിനും വേദിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭക്ഷണ സാധനങ്ങള്‍ക്ക് കോണ്ടാക്ട്ലെസ്സ് പേയ്മെന്റ് മാത്രമേ സ്വീകകരിക്കുകയുള്ളൂ.

അതേസമയം പരിപാടി നടക്കുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: