ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് ലിസ് ട്രസ് ; ഇന്ത്യൻ വംശജൻ ഋഷി സുനകിന് പരാജയം

ഇന്ത്യൻ വംശജനായ ഋഷി സുനക് ഉയർത്തിയ കടുത്ത പോരാട്ടത്തെ മറികടന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയിച്ചുകയറി ലിസ് ട്രസ്. സൗത്ത് വെസ്റ്റ് നോർഫോക്കിന്റെ പ്രതിനിധിയായ ലിസ് ട്രസ് ഇനി ബോറിസ് ജോൺസന്റെ പിൻഗാമിയാവും. കൂടാതെ മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടനെ നയിക്കുന്ന മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാവുകയാണ് ലിസ് ട്രസ്.

2001 -ൽ ഇരുപത്തഞ്ചാം വയസ്സിലാണ് ലിസ് ട്രസ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ലേബർ പാർട്ടിയുടെ കോട്ടയായ ഹെംസ് വർത്തിൽ നിന്നുള്ള ആദ്യ പാർലമെന്ററി അങ്കത്തിൽ പരാജയം രുചിക്കേണ്ടി വന്നെങ്കിലും, തോൽക്കാൻ മനസ്സില്ലാതെ പോരാട്ടം തുടർന്ന ലിസ് ഒടുവിൽ 2009 -ൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തി. പിന്നീട് കാമറോൺ മന്ത്രിസഭയിൽ കാര്യമായ സ്ഥാനങ്ങൾ വഹിച്ചു. 2019 -ൽ ബോറിസ് ജോൺസനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതിനുള്ള പ്രത്യുപകാരമെന്ന നിലയിൽ ബ്രിട്ടന്റെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി സ്ഥാനത്തേക്ക് ലിസ് നിയമിതയാവുകയും ചെയ്തിരുന്നു.

2022 ജൂലൈയോടെയാണ് പാർട്ടി ഗേറ്റ് അടക്കമുള്ള വിവാദങ്ങളിൽ പെട്ട് പ്രധാനമന്ത്രി ബോറിസ് ജോൺസണ് പടിയിറങ്ങേണ്ടി വന്നത്. ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് വരികയും ലിസ് ട്രസ് ബ്രിട്ടനെ നയിക്കാൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം. 20,000 വോട്ടിനായിരുന്നു ലിസ് ട്രസ് റിഷി സുനകിനെ പരാജയപ്പെടുത്തിയത്. 81,326 വോട്ട് ലിസിന് ലഭിച്ചപ്പോൾ സുനാകിന് 60,399 വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ളൂ.

പ്രധാനമന്ത്രി എന്ന നിലയിൽ ജോൺസൺ തന്റെ അവസാന പ്രസംഗം ഇന്ന് പിഎം ഹൗസ് 10 ഡൗണിംഗ് സ്ട്രീറ്റിൽ നടത്തും. തുടർന്ന് അദ്ദേഹം സ്കോട്ട്ലൻഡിലെ അബർഡീൻഷെയറിലേക്ക് പോയി എലിസബത്ത് രാജ്ഞിക്ക് രാജിക്കത്ത് കൈമാറും.

തിരഞ്ഞെടുപ്പ് വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലിസിനെ അഭിനന്ദിച്ചു. അവരുടെ നേതൃത്വത്തിൽ ഇന്ത്യ-യുകെ ബന്ധം ശക്തമാകുമെന്ന് ഉറപ്പുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉണ്ടാകുമെന്നും മോദി പറഞ്ഞു ട്വിറ്ററിൽ കുറിച്ചു.

Share this news

Leave a Reply

%d bloggers like this: