‘ഇന്ന് കലാശപ്പോര്’; ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീന ഇന്ന് ഫ്രാൻസിനെ നേരിട്ടും

ഇത്തവണത്തെ ലോകഫുട്ബോള്‍ കിരീടത്തില്‍ മുത്തമിടുന്ന ടീം ഏതെന്നറിയാന്‍ ഇനിയൊരു പകലിന്റെ കാത്തിരിപ്പ് മാത്രം. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.30 ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മിലുള്ള അന്തിമ പോരാട്ടത്തിന് കിക്ക് ഓഫ് വിസില്‍ മുഴങ്ങും. 2014 ല്‍ കയ്യകലത്തില്‍ നഷ്ടമായ കപ്പ് നേടിയെടുക്കാനായി മെസിയും സംഘവും അരയും തലയും മുറുക്കിയിറങ്ങുമ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ കിരീടം നിലനിര്‍ത്താനായി ഫ്രാന്‍സിന്റെ യുവനിരയും ഇന്ന് കളത്തിലിറങ്ങും.

ആദ്യമത്സരത്തില്‍ സൌദിയോടേറ്റ പരാജയത്തില്‍ നിന്നും ശക്തമായി തിരിച്ചുവന്ന അര്‍ജന്റീന പിന്നിടങ്ങോട്ട് ടൂര്‍ണ്ണമെന്റിലുടനീളം മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. പ്ലേ മേക്കറായും, ഫിനിഷറായും മെസ്സി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ അടങ്ങാത്ത പോരാട്ട വീര്യത്തോടെ നായകനോടൊപ്പം ‍ അണിനിരക്കുകയാണ് അര്‍ജന്റൈന്‍ താരങ്ങള്‍.

ഫ്രഞ്ച് നിരയില്‍ എംബാപ്പെ. ഗ്രീസ്മാന്‍, ജിറൂഡ് അ‌ടക്കമുള്ള താരങ്ങള്‍ മിന്നുന്ന ഫോമിലാണെങ്കിലും, ടീം ക്യാംപില്‍ പനി പടര്‍ന്നത് ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം നേരിയ ആശങ്കയാണ്. ഏതൊക്കെ താരങ്ങള്‍ ആദ്യ ഇലവനിലുണ്ടാവും എന്നത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്.

ടൂര്‍ണ്ണമെന്റിലെ സുവര്‍ണ്ണപാദുകത്തിനായുള്ള പോരാട്ടത്തിനും ഇന്നത്തെ മത്സരം വേദിയാവും. അഞ്ചു വീതം ഗോളുകളുമായി മെസിയും എംബാപ്പെയും ഗോള്‍ഡന്‍ ബൂട്ട് റേസില്‍ ഒപ്പത്തിനൊപ്പമാണ്. തൊട്ടുപിന്നില്‍ നാല് വീതം ഗോളുകളുമായി അര്‍ജന്റൈന്‍ താരം ജൂലിയന്‍ ആല്‍വാരസും, ഫ്രഞ്ച് താരം ജിറൂഡുമുണ്ട്.

Share this news

Leave a Reply

%d bloggers like this: