വിപുലീകരണത്തിനൊരുങ്ങി Lidl ; ഈ വർഷം അയർലൻഡിൽ 700 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

അയര്‍ലന്‍ഡില്‍ ബിസിനസ് വിപുലീകരണത്തിനൊരുങ്ങി പ്രമുഖ റീട്ടെയില്‍ കമ്പനിയായ Lidl. ഈ വര്‍ഷം 700 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചു. ഇതോടെ അയര്‍ലന്‍ഡിലെ ആകെ ജീവനക്കാരുടെ എണ്ണം 6000 ആക്കി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Lidl ന്റെ 176 സ്റ്റോറുകളിലായി ഓപ്പറേഷണല്‍ റോളുകളിലും, ഓഫീസ് ജോലികളിലുമാണ് അവസരങ്ങള്‍ ഉണ്ടാവുക. കൂടാതെ Lidl തദ്ദേശ വിതരണ കേന്ദ്രങ്ങളിലും, ഡബ്ലിനിലെ ഹെഡ് ഓഫീസിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ഇതുകൂടാതെ നിലവില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കായി 14 മില്യണ്‍ യൂറോ ചിലവില്‍ വേതനവര്‍ദ്ധനവ് ഏര്‍പ്പെടുത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത മാസം മാര്‍ച്ച് മുതല്‍ കമ്പനിയിലെ ജീവക്കാര്‍ക്ക് 7.5 ശതമാനം ശമ്പളവര്‍ദ്ധനവുണ്ടാവും. അതായത് പ്രതിവര്‍ഷം 2000 യൂറോ മുതല്‍ 2500 യൂറോ വരെയാണ് വര്‍ദ്ധനവുണ്ടാവുക. Living Wage Technical Group ന്റെ ശുപാര്‍ശ പ്രകാരം ലിവിങ് വേജ് സംവിധാനത്തിലേക്ക് കമ്പനി മാറുന്നതിന്റെ ഭാഗമായാണ് വേതന വര്‍ദ്ധനവ്.

പുതുതായി നിരവധി സ്റ്റോറുകള്‍ ആരംഭിക്കുന്നതിനും, നിലവില്‍ Mullingar പ്രവര്‍ത്തിക്കുന്ന വിതരണകേന്ദ്രം 75 മില്യണ്‍ യൂറോ ചിലവില്‍ വിപുലീകരിക്കാനും കമ്പനിക്ക് ലക്ഷ്യമുണ്ട്.

കമ്പനിക്ക് അയര്‍ലന്‍ഡിലെ റീട്ടെയില്‍ മേഖലയിലും, അയര്‍ലന്‍ഡ് സമ്പദ്‍വ്യവസ്ഥയിലുമുള്ള വിശ്വാസമാണ് കമ്പനിയുടെ പ്രഖ്യാപനത്തിലൂടെ പ്രകടമാവുന്നതെന്ന് മിനിസ്റ്റര്‍ Simon Coveney പ്രതികരിച്ചു. ജീവിതച്ചിലവ് വര്‍ദ്ധനവിന്റെ ഈ കാലത്ത് കമ്പനി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാനായി Lidl മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: