ഭവന പ്രതിസന്ധി അയർലൻഡിലെ ബിസിനസ് മേഖലയെയും ബാധിക്കുന്നു

ഊര്‍ജ്ജവില വര്‍ദ്ധനവ്, കോവിഡ് മൂലമുണ്ടായ സാഹചര്യങ്ങള്‍, പണപ്പെരുപ്പം, വിതരണശ്രംഖലയിലെ പ്രശ്നങ്ങള്‍ എന്നിവ അയര്‍ലന്‍ഡിലെ ബിസിനസ് മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ അയര്‍ലന്‍ഡിലെ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ് രാജ്യം നേരിടുന്ന ഭവനപ്രതിസന്ധി.

ഭവനപ്രതിസന്ധി അയര്‍ലന്‍ഡിന്റെ വളര്‍ച്ചയെ ബാധിക്കുന്നതായി ഈയിടെ പുറത്തിറങ്ങിയ IBEC റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ബിസിനസ് മേഖലയില്‍ ഭവനപ്രതിസന്ധി മൂലമുണ്ടാവുന്ന പ്രതിന്ധികള്‍ IDA Ireland ഉം ഈയിടെ എടുത്തുകാട്ടിയിരുന്നു.

സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് താമസസൗകര്യം നല്‍കുന്നതിനാണ് മിക്ക കമ്പനികളും ബുദ്ധിമുട്ട് നേരിടുന്നത്. ഇതുമൂലം ജീവനക്കാരെ കമ്പനികളില്‍ നിലനിര്‍ത്താനും, പുതിയ ജീവനക്കാരെ നിയമിക്കാനും കമ്പനികള്‍ പ്രതിസന്ധി നേരിടുകയാണ്.

Lufthansa Technik Turbine എന്ന പ്രമുഖ വിമാന എഞ്ചിന്‍ നിര്‍മ്മാണ കമ്പനി ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന നിരവധി കമ്പനികളിലൊന്നാണ്. Shannon, Celbridge എന്നിവിടങ്ങളിലായി രണ്ട് പ്ലാന്റുകളുള്ള കമ്പനിയില്‍ മുന്നൂറോളം പേരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ നൂറോളം പേരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ റിക്രൂട്ട് ചെയ്തവരാണ്. ഭവനപ്രതിസന്ധി കമ്പനിക്ക് വലിയ വെല്ലുവിളിയാണ് നല്‍കുന്നതെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് Michael Malewski പറയുന്നു.

കമ്പനിയിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ വിദഗ്ധരായ ആളുകളെ അയര്‍ലന്‍ഡിലെത്തിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും, ഇവര്‍ക്ക് പോലും താമസസൗകര്യമൊരുക്കാന്‍ സാധിക്കുന്നില്ലെന്ന വസ്തുതയും അദ്ദേഹം പങ്കുവച്ചു. ഈയടുത്തായി ഒരു അപ്പാര്‍ട്മെന്റ് പ്രോജക്ടുമായി ബന്ധപ്പെട്ട് ഒരു ഏജന്റുമായി സംസാരിച്ചപ്പോള്‍, നാനൂറിലധികം ആളുകള്‍ അതിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് മറുപടി ലഭിച്ചതെന്നും Malewski പറഞ്ഞു.

താപനില നിയന്ത്രണ സംവിധാന നിര്‍മ്മാതാക്കളായ Thermo King എന്ന കമ്പനിയും സമാനമായ വെല്ലുവിളി നേരിടുകയാണ്. ഗാല്‍വേയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ അറുനൂറോളം ആളുകളാണ് ജോലി ചെയ്യുന്നത്. മികച്ച താമസസൗകര്യങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍, സാങ്കേതിക കഴിവുള്ള ആളുകളെ കമ്പനിയിലേക്ക് ജോലിക്കെടുക്കാനും ബുദ്ധുമുട്ടുന്നതായി കമ്പനി വൈസ് പ്രസിഡന്റ് Cormac Mac Donncha പറഞ്ഞു.

അതേസമയം ജീവനക്കാര്‍ക്ക് സ്വന്തം ചിലവില്‍ വീടുകള്‍ വാങ്ങിക്കൊണ്ട് താമസസൗകര്യമൊരുക്കാന്‍ ഒരുങ്ങുകയാണ് Keogh’s Crisps എന്ന കമ്പനി. എന്നാല്‍ ഫാമുകളുടെ സമീപത്തായി ഇത്തരം വീടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതായി കമ്പനി മാനേജിങ് ‍ഡയറക്ടര്‍ പ്രതികരിച്ചു.

ബിസിനസ് അടക്കമുള്ള വിവിധ മേഖലകളില്‍ ഭവനപ്രതിസന്ധി മൂലമുണ്ടാവുന്ന വെല്ലുവിളികളെക്കുറിച്ച് സര്‍ക്കാരിന് അറിവുള്ളതായും, ഇത് പരിഹരിക്കാനുള്ള ന‌ടപടികള്‍ സ്വീകരിച്ചുവരികയാണ് എന്നുമാണ് Department of Housing പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: