അയർലണ്ടിൽ ഡീസൽ കാറുകളെ മറികടന്ന് ഇലക്ട്രിക് കാർ വിൽപ്പന; ഏറ്റവുമധികം പേർ വാങ്ങിയ കാർ ഇത്!

അയര്‍ലണ്ടില്‍ ഇലക്ടിക് കാറുകളുടെ (EV) വില്‍പ്പന ഏപ്രില്‍ മാസം ഡീസല്‍ കാറുകളെ മറികടന്നു. കഴിഞ്ഞ മാസം ആകെ 1,748 പുതിയ ഡീസല്‍ കാറുകള്‍ വിറ്റപ്പോള്‍ 1,870 ഇലക്ട്രിക് കാറുകളാണ് വില്‍പ്പന നടത്തിയത്.

രാജ്യത്ത് കാറുകള്‍ ഡെലിവറി നടത്തുന്നതില്‍ കാലതാമസം നേരിടുന്ന സ്ഥിതിവിശേഷമുണ്ടെങ്കിലും, വില്‍പ്പന ഈ വര്‍ഷം ഇതുവരെ 16% വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ അവസാനം വരെ ഈ വര്‍ഷം രാജ്യത്ത് പുതുതായി നിരത്തിലിറങ്ങിയത് 67,018 കാറുകളാണ്.

ഇവയില്‍ 11,164 എണ്ണം ഇലക്ട്രിക് കാറുകളാണ്. ആകെ വില്‍പ്പന നടത്തിയ കാറുകളുടെ 16.6% ആണ് ഇത്. 11,686 സാധാരണ ഹൈബ്രിഡ് കാറുകളുടെ വില്‍പ്പനയും, 5,473 plug-in ഹൈബ്രിഡ് കാറുകളുടെയും വില്‍പ്പനയും ഈ വര്‍ഷം നടന്നു.

ഈ വര്‍ഷം പുതുതായി നിരത്തിലിറങ്ങിയ കാറുകളില്‍ ഏറ്റവുമധികം പെട്രോള്‍ കാറുകളാണ്- 32.85%. വില്‍പ്പന നടത്തിയ ഡീസല്‍ കാറുകള്‍ 22.3% ആണ്.

ഏറ്റവുമധികം പേര്‍ വാങ്ങിയ കാറുകള്‍ ടൊയോട്ടയുടേതാണ്- 9,451. പിന്നില്‍ ഫോക്‌സ് വാഗണ്‍ (7,438), ഹ്യുണ്ടായ് (6,480), സ്‌കോഡ (5,973) എന്നിവയാണ്.

ഈ വര്‍ഷം ഇതുവരെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ ഹ്യുണ്ടായുടെ Tuscon ആണ്. 2,805 കാറുകളാണ് വില്‍പ്പന നടന്നത്. പിന്നാലെ കിയാ Sportage (2,126), ടൊയോട്ട Corolla (1,981) എന്നിവയുമുണ്ട്.

1,713 എണ്ണം വില്‍പ്പന നടന്ന ഫോക്‌സ്‌വാഗണ്‍ ID.4 ആണ് ഈ വര്‍ഷം ഏറ്റവുമധികം വില്‍ക്കപ്പെട്ട ഇലക്ട്രിക് കാര്‍. പ്രധാന എതിരാളിയായ ഹ്യുണ്ടായുടെ Ioniq 5, 998 എണ്ണമാണ് വിറ്റുപോയത്.

രാജ്യത്ത് വാടകയ്ക്ക് നല്‍കപ്പെടുന്ന കാറുകളുടെ രജിസ്‌ട്രേഷനില്‍ വലിയ വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ വരെ 5,698 പുതിയ കാറുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2022-ല്‍ ഇതേസമയം 1,845 കാറുകള്‍ മാത്രമാണ് വാടക കാറുകളായി രജിസ്റ്റര്‍ ചെയ്തിരുന്നത്.

Share this news

Leave a Reply

%d bloggers like this: