വിമതനീക്കത്തിൽ ഭയന്ന് റഷ്യ; തിരിഞ്ഞു കൊത്തിയത് പുടിൻ വളർത്തി വലുതാക്കിയ വാഗ്നർ പടയാളികൾ

റഷ്യയില്‍ ആഭ്യന്തരകലാപത്തിന് ശ്രമിച്ച് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ സഹായത്തോടെ രൂപം നല്‍കിയ വാഗ്നര്‍ പടയാളികള്‍. റഷ്യന്‍ സൈന്യം തങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്നും, ഇതിന് തിരിച്ചടിയായി സൈന്യത്തെ ആക്രമിക്കുമെന്നും, മോസ്‌കോയിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്നുമായിരുന്നു 25,000-ഓളം വരുന്ന വാഗ്നര്‍ പടയാളികളുടെ തലവനായ യെവ്ഗിനി പ്രിഗോഷിന്‍ ടെലിഗ്രാം വഴി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് സൈന്യത്തിനെതിരെ ആയുധമെടുക്കുന്നത് ആരായാലും അവര്‍ രാജ്യദ്രോഹികളാണെന്നും, കടുത്ത ശിക്ഷ നല്‍കുമെന്നുമുള്ള മുന്നറിയിപ്പുമായി പ്രസിഡന്റ് പുടിന്‍ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഒരു ദിവസത്തോളം നീണ്ട പ്രതിസന്ധിക്കൊടുവില്‍ ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോ, പ്രിഗോഷിനുമായി നടത്തിയ ചര്‍ച്ചയില്‍ വാഗ്നര്‍ പടയാളികള്‍ പിന്‍വാങ്ങി.

2014-ല്‍ പുടിന്റെ ആശീര്‍വാദത്തോടെയാണ് പഴയ സൈനികര്‍, കുറ്റവാളികള്‍, തടവുകാര്‍ എന്നിവരെ ചേര്‍ത്ത് യെവ്ഗിനി പ്രിഗോഷിന്‍ വാഗ്നര്‍ സൈന്യത്തിന് രൂപം നല്‍കിയത്. റസ്റ്ററന്റ് ബിസിനസുകാരനായ 62-കാരന്‍ പ്രിഗോഷിന്, പുടിനുമായി നല്ല ബന്ധമാണുള്ളത്. പുടിന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ മേയറായിരുന്ന കാലത്താണ് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്.

രാജ്യത്ത് സ്വകാര്യ സൈന്യം പാടില്ലെന്ന് ഭരണഘന അനുശാസിക്കുമ്പോള്‍ തന്നെയാണ് പുടിന്‍ വാഗ്നര്‍ സൈന്യത്തെ പോറ്റി വളര്‍ത്തിയത്. ക്രൈമിയ, ഉക്രെയിന്‍ അടക്കമുള്ള റഷ്യന്‍ അധിനിവേശങ്ങളിലും, സൈനിക നടപടികളിലും വാഗ്നര്‍ പോരാളികള്‍ പങ്കാളികളായി. റഷ്യന്‍ ഇന്റലിജന്‍സായ ജിആര്‍യു, റഷ്യന്‍ സൈന്യം എന്നിവര്‍ തന്നെയാണ് വാഗ്നര്‍ സംഘത്തിന് വേണ്ടുന്ന സഹായങ്ങളും, പരിശീലനവും നല്‍കിയതെന്നാണ് പറയപ്പെടുന്നത്.

കുപ്രസിദ്ധരായ വാഗ്നര്‍ സംഘം പ്രവര്‍ത്തിച്ചയിടത്തെല്ലാം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിയത്. സിറിയ, ലിബിയ, ഉക്രെയിന്‍ എന്നിവിടങ്ങളിലെല്ലാം ബലാത്സംഗം, കൊടിയ പീഢനം എന്നിവയെല്ലാം ഇവര്‍ നടത്തി. ഔദ്യോഗികമായി റഷ്യന്‍ സൈന്യത്തിന്റെ ഭാഗമല്ലാത്തതിനാല്‍ ഇവരുടെ ചെയ്തികള്‍ക്ക് റഷ്യ മറുപടി പറയേണ്ടിവന്നില്ല. അതിനാല്‍ത്തന്നെ യുദ്ധക്കുറ്റങ്ങളില്‍ നിന്നും വാഗ്നര്‍ സംഘം വഴുതി രക്ഷപ്പെടുകയും ചെയ്തു.

എന്നാല്‍ തങ്ങള്‍ക്ക് നേരെ റഷ്യന്‍ സേന ആക്രമണം നടത്തിയെന്നാരോപിച്ച് വാഗ്നര്‍ സംഘം ഉക്രെയിനില്‍ നിന്നും പിന്തിരിയുകയും, തെക്കന്‍ റഷ്യന്‍ നഗരമായ റോസ്‌തോവും, രണ്ട് സൈനികകേന്ദ്രങ്ങളും പിടിച്ചടക്കുകയും ചെയ്തതാണ് പ്രതിസന്ധിക്ക് വഴിവച്ചത്. ശേഷം മോസ്‌കോയിലേയ്ക്ക് മാര്‍ച്ച് നടത്താനായിരുന്നു പദ്ധതി. ആക്രമണസാധ്യത മുന്നില്‍ക്കണ്ട് മോസ്‌കോയില്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.

പ്രതിസന്ധി ഉടലെടുത്തതോടെ ബെലറൂസ് പ്രസിഡന്റ് ലുക്കാഷെങ്കോ, പുടിനുമായി ഫോണില്‍ ബന്ധപ്പെട്ടു. ശേഷം വാഗ്നര്‍ സംഘത്തലവനായ പ്രിഗോഷിനുമായി മധ്യസ്ഥ ചര്‍ച്ചയിലേര്‍പ്പെട്ടു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായി ആക്രമണത്തില്‍ നിന്നും പിന്തിരിയാമെന്ന് പ്രിഗോഷിന്‍ സമ്മതിക്കുകയും ചെയ്തു. അതേസമയം പിന്‍മാറ്റത്തിനായി പ്രിഗോഷിന്‍ വച്ച ഉപാധികള്‍ എന്തെല്ലാമെന്ന് വ്യക്തമല്ല. എന്തായാലും ആഭ്യന്തര കലാപ പ്രതിസന്ധിക്ക് ആശ്വാസമാണ് ഈ നടപടി.

അതേസമയം ഇതെല്ലാം പുടിന്റെ തന്ത്രമാണെന്ന് മറുവാദമുയര്‍ന്നിട്ടുണ്ട്. ആക്രമണമാരംഭിച്ച വാഗ്നര്‍ സംഘത്തെ ഉടനടി സൈനികമായി നേരിടാന്‍ പുടിന്‍ ശ്രമിക്കാത്തതാണ് സംശയത്തിന് കാരണം. ഉക്രെയിന്‍ യുദ്ധത്തില്‍ സംഭവിച്ച പിഴവുകള്‍ക്ക് ചില റഷ്യന്‍ സൈനിക ജനറലുമാരെ ബലിയാടാക്കി, വാഗ്നര്‍ സംഘത്തെ ഉപയോഗിച്ച് അവരെ ഒതുക്കാന്‍ പുടിന്‍ ശ്രമിക്കുകയാണെന്നാണ് വിമര്‍ശനം.

Share this news

Leave a Reply

%d bloggers like this: