അയർലണ്ടിൽ റസിഡൻസ് പെർമിറ്റ് കാർഡിന് നൽകേണ്ടിവരുന്നത് വമ്പൻ ഫീസ്; കുറയ്ക്കണമെന്ന് ആവശ്യം

അയര്‍ലണ്ടിലെ യൂറോപ്യന്‍ യൂണിയന്‍ ഇതരരാജ്യങ്ങളിലുള്ള കുടിയേറ്റക്കാര്‍ Irish Residence Permit (IRP) കാര്‍ഡ് പെര്‍മിറ്റിനായി നല്‍കേണ്ടിവരുന്ന ഫീസില്‍ കുറവ് വരുത്തണമെന്ന് ആവശ്യം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ഫീസ് കുറവാണെന്നും, സമാനമായി അയര്‍ലണ്ടിലും തുക കുറയ്ക്കണെന്നുമാണ് കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനയായ Migrant Rights Centre Ireland (MRCI) ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ 300 യൂറോ ആണ് IRP കാര്‍ഡിനായി ഓരോ വര്‍ഷവും നല്‍കേണ്ടത്. എന്നാല്‍ ഇത് നിര്‍മ്മിക്കാനും മറ്റുമായി വെറും 20.44 യൂറോയുടെ ചെലവ് മാത്രമേ സര്‍ക്കാരിന് വരുന്നുള്ളൂ എന്ന് സംഘടന പറയുന്നു. 2012-ല്‍ 300 യൂറോയിലേയ്ക്ക് ഫീസ് ഇരട്ടിയായി ഉയര്‍ത്തിയതിന് ശേഷം ഇന്നേവരെ ഇക്കാര്യത്തില്‍ പുനഃപരിശോധന ഉണ്ടായിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.

റസിഡന്‍സ് പെര്‍മിറ്റ് കാര്‍ഡിന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ഗ്രീസില്‍ 16 യൂറോയും, ഓസ്ട്രിയയില്‍ 20 യൂറോയും, ലക്ംസ്ബര്‍ഗില്‍ 80 യൂറോയും മാത്രമാണ് ഫീസ്.

അയര്‍ലണ്ടില്‍ മറ്റ് സര്‍ക്കാര്‍ രേഖകള്‍ക്കുള്ള ഫീസ് കുറവാണ്. പാസ്‌പോര്‍ട്ടിന് 75 യൂറോ ഫീസ് ഉള്ളപ്പോള്‍, ഡ്രൈവിങ് ലൈസന്‍സിന് 55 യൂറോ മാത്രമാണ്. IRP കാര്‍ഡിനും ഇത്തരത്തില്‍ കുറഞ്ഞ ഫീസ് ഈടാക്കണമെന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭീമമായ തുക നല്‍കി കാര്‍ഡ് വാങ്ങാനായി തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

ജീവിതച്ചെലവ് വളരെയധികം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് പല ആവശ്യങ്ങളും മാറ്റിവച്ച് വലിയ തുക കാര്‍ഡിനായി നല്‍കേണ്ട ബുദ്ധിമുട്ടിലാണ് രാജ്യത്തെ സാധാരണക്കാരായ കുടിയേറ്റക്കാര്‍.

അതേസമയം കാര്‍ഡിനായുള്ള രജ്‌സ്‌ട്രേഷന്‍ നടപടികള്‍ക്ക് വലിയ പരിശ്രമം ആവശ്യമാണെന്നതിനിലാണ് കൂടിയ ഫീസ് ഈടാക്കുന്നതെന്നാണ് സര്‍ക്കാരിന്റെ പക്ഷം. അഭയാര്‍ത്ഥികളായി പരിഗണിക്കപ്പെടുന്നവര്‍, 18 വയസിന് താഴെ പ്രായമുള്ളവര്‍, ഐറിഷ് പൗരത്വമുള്ളയാളെ വിവാഹം കഴിച്ച് താമസിക്കുന്നവര്‍, ഇയു പൗരത്വുമുള്ളയാളുടെ ബന്ധുക്കള്‍ എന്നിവര്‍ക്കൊന്നും ഈ ഫീസ് നല്‍കേണ്ടതില്ല എന്ന കാര്യവും നീതിന്യായ വകുപ്പ് കൂട്ടിച്ചേര്‍ത്തു.

ഒപ്പം കാര്‍ഡിന് നല്‍കുന്ന ഫീസിന്റെ കാര്യം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെന്ന് പറഞ്ഞ നീതിന്യായ വകുപ്പ്, പക്ഷേ ഫീസ് കുറയ്ക്കാനോ, കൂട്ടാനോ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: