സി.എസ്.ഐ വികാരി റവ. ജെനു ജോണിന് ചർച്ച് ഓഫ് അയർലണ്ടിന്റെ സ്വാഗതം

അയർലൻഡിലെ ഹോളി ട്രിനിറ്റി സി. എസ്. ഐ ഇടവകയുടെ പ്രഥമ വികാരിയായി ചുമതലയേറ്റ റവ. ജെനു ജോൺ അച്ചനെയും കുടുംബത്തെയും ചർച്ച് ഓഫ് അയർലൻഡ് ആർച്ച് ബിഷപ്പ് മോസ്റ്റ്‌ റവ. ഡോ. മൈക്കിൾ ജെഫ്റി ജാക്ക്സൺ ഹാർദ്ദവമായി സ്വാഗതം ചെയ്തു.

സി.എസ്.ഐ സഭാംഗങ്ങൾ കൂടി വരുന്ന സെൻറ് കാതറിൻസ് ചർച്ചിൽ വച്ച് നടത്തപ്പെട്ട സ്വാഗത ശുശ്രൂഷയിൽ ഗ്ലെൻഡലോ മഹായിടവക ആർച്ച്ഡീക്കൻ നീൽ ഓറോ, സെൻറ് കാതറിൻസ് ഇടവക റെക്ടർ റവ. മാർക്ക്‌ ഗാർഡനർ, ഡയോസിസ് ഓഫ് മീത് ക്ലർജി റവ. ഫിലിപ്പ് മെക്കൻലി എന്നിവർ സന്നിഹിതരായിരുന്നു. ചർച്ച് ഓഫ് അയർലൻഡിൻ്റെ പരിധിയിൽ സി. എസ്. ഐ ഇടവക കേന്ദ്രീകരിച്ചു ശുശ്രൂഷകൾ ചെയ്യുന്നതിനുള്ള അനുവാദപത്രം (Permission to Officiate) ആരാധന മധ്യേ വായിക്കുകയും വലംകരം നൽകി ശുശ്രൂഷയിൽ തങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിനു ജെനു അച്ചനെ ക്ഷണിക്കുന്നതിൻ്റെ അടയാളമായി സെൻറ് ബ്രിജിറ്റ്സ് ക്രോസ്സ് നൽകുകയും ചെയ്തു.

മദ്ധ്യകേരള മഹായിടവക ബിഷപ്പിൻ്റെ ആശംസാ സന്ദേശം ശുശ്രൂഷ മധ്യേ ഇടവക സെക്രട്ടറി വായിക്കുകയും ഇടവകയായി ആർച്ച്ബിഷപ്പിനെ ആദരിക്കുകയും ചെയ്തു.

ചർച്ച് ഓഫ് അയർലൻഡും സി. എസ്. ഐ മദ്ധ്യകേരള മഹായിടവകയും തമ്മിലുള്ള ഊഷ്മള ബന്ധത്തിൻ്റെ അടയാളപ്പെടുത്തൽ എന്ന നിലയിൽ ഈ ശുശ്രൂഷ ചരിത്രപരമായ നിമിഷമാണെന്ന് വികാരി റവ. ജെനു ജോൺ അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: