അയർലണ്ടിൽ എനർജി ക്രെഡിറ്റ് നടപ്പിലാക്കുന്നു; ഗാർഹിക ഊർജ്ജ വില കുറയും

ശൈത്യകാലത്ത് എനര്‍ജി ക്രെഡിറ്റുകള്‍ വീണ്ടും നടപ്പിലാക്കുന്നതിനാല്‍ വരും ആഴ്ചകളിലായി ഗാര്‍ഹിക ഊര്‍ജ്ജത്തിന്റെ വിലയില്‍ കുറവ് ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യ മന്ത്രി മൈക്കല്‍ മക്ഗ്രാത്ത്.

കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി എനര്‍ജി ക്രെഡിറ്റ് എന്ന ആശയം ഐറിഷ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് രൂപപ്പെട്ട ഊര്‍ജപ്രതിസന്ധി ജനങ്ങളെ സാരമായി ബാധിക്കുന്നതില്‍ നിന്നും രക്ഷനേടാന്‍ ഈ ആശയം സഹായിച്ചിരുന്നു.

2024-ലെ ബജറ്റ് അവതരണത്തിനായി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കേ ഈ വര്‍ഷം തുടക്കത്തില്‍ മൊത്ത ഊര്‍ജ്ജ വിലയില്‍ ഉണ്ടായ കുറവ്, ചില്ലറ വില്‍പ്പനയില്‍ പ്രതിഫലിക്കാത്തതിനെത്തുടര്‍ന്ന് ഊര്‍ജ്ജ കമ്പനികള്‍ വലിയ വിമര്‍ശനം ഏറ്റുവരികയാണ്.

2022 മേയ് തൊട്ട് 2023 മേയ് വരെയുള്ള ഒരുവര്‍ഷത്തിനിടെ 26% കുറവാണ് ഊര്‍ജ്ജത്തിന്റെ മൊത്തവിലയില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള ഊര്‍ജ്ജത്തിന്റെ ചില്ലറ വില്‍പ്പന വിലയില്‍ ഈ കുറവ് കണ്ടിരുന്നില്ല. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി ഇപ്പോള്‍ തന്റെ പക്കല്‍ ഇല്ലെന്ന് മക്ഗ്രാത്ത് പറഞ്ഞു.

കഴിഞ്ഞ വാരാന്ത്യത്തില്‍ കോര്‍ക്കില്‍ സംസാരിക്കവേ, ഊര്‍ജ്ജത്തിന്റെ മൊത്തവിലയില്‍ അത്ഭുതകരമായ കുറവാണ് ഉണ്ടായിരിക്കുന്നത് എന്നും വരും ആഴ്ചകളില്‍ ഗാര്‍ഹിക ഊര്‍ജ്ജ വിലയിലും ഈ കുറവ് ഉണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഊര്‍ജ്ജ വിലയില്‍ ജനങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയിലുള്ള തീരുമാനങ്ങള്‍ ഇത്തവണ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും, കഴിഞ്ഞ ശൈത്യകാലത്ത് വൈദ്യുതി ബില്ലുകളില്‍ പ്രയോഗിച്ച ക്രെഡിറ്റുകള്‍ക്ക് സമാനമായിരിക്കും ഇത് എന്നും മന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: