ഉറക്കം കിട്ടുന്നില്ലേ? ഇങ്ങനെ ചെയ്തുനോക്കൂ…

എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും, എന്നാല്‍ നമ്മളെല്ലാം അപ്രധാനമായി കാണുന്നതുമായ ഒന്നാണ് ഉറക്കം. മനുഷ്യന്റെ ശാരീരിക, മാനസിക ആരോഗ്യത്തിന് ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയുള്ള ഉറക്കം ആവശ്യമാണ്. കണ്‍തടത്തിന് ചുറ്റുമുള്ള കറുപ്പ്, ഉന്മേഷക്കുറവ്, തലവേദന തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ മുതല്‍ വിഷാദരോഗം, ഇന്‍സോമ്‌നിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ ഗുരുതര മാനസിക രോഗങ്ങള്‍ക്ക് വരെ ഉറക്കക്കുറവ് കാരണമായേക്കാം. അതിനാല്‍ നല്ല ഉറക്കം കിട്ടുന്നുണ്ടെന്ന് എപ്പോഴും ഉറപ്പ് വരുത്തുക തന്നെ വേണം. അതിനായി നമുക്ക് ചെയ്യാവുന്ന ചെറിയ ചില ടിപ്പുകള്‍ ഇതാ:

  • ഉറങ്ങാന്‍ കിടന്ന ശേഷം ഒരുപാട് നേരം സ്മാര്‍ട്ട്‌ഫോണിന്റെയും മറ്റും സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കുക. ഉറങ്ങാന്‍ കിടക്കുമ്പോഴാണ് നമ്മള്‍ അന്നേ ദിവസത്തെ വാര്‍ത്തകള്‍ വായിക്കുന്നതിനോ, സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനോ സമയം കണ്ടെത്തുക. എന്നാല്‍ അത് നമ്മുടെ ഉറക്കത്തിനായുള്ള ഹോര്‍മോണുകളെ തടസ്സപ്പെടുത്തുമെന്ന് അറിയാമോ? ഫോണിന്റെ ശക്തിയായുള്ള പ്രകാശം കണ്ണിലടിക്കുന്നതും ഉറക്കം വൈകിക്കും.

  • രാത്രിയില്‍ ആഹാരം മിതമാക്കുക. ഒരുപാട് കലോറിയുള്ള ഭക്ഷണം കഴിക്കുന്നത് നമ്മുടെ ദഹന സമയം കൂട്ടുന്നതിനും കിടക്കുമ്പോള്‍ നമുക്ക് അസ്വസ്ഥത ഉണ്ടാകുന്നതിനും കാരണമാകുന്നു. കൂടാതെ കിടക്കുന്നതിന് 2-3 മണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം കഴിക്കുന്നതാണ് നല്ലത്.

  • ചായ, കാപ്പി, മദ്യം തുടങ്ങി കഫീന്‍ അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും രാത്രി കിടക്കുന്നതിന് മുമ്പ് ഒഴിവാക്കണം. ഇതും നിങ്ങളുടെ ഉറക്കാതെ സാരമായി ബാധിക്കുന്ന ഒന്നാണ്.

  • വായന മനസിനെ ശാന്തമാക്കുന്ന ഒന്നാണ്. ഉറങ്ങും മുന്‍പ് അരമണിക്കൂര്‍ പുസ്തകം വായിക്കുന്നതും നല്ല ഉറക്കം കിട്ടുന്നതിനു നമ്മെ സഹായിക്കും.

  • ഉറങ്ങുന്നതിന് മുന്‍പ് നന്നായൊന്ന് കുളിച്ചു നോക്കൂ. അത് നല്ല ഉറക്കത്തിന് നമ്മളെ സഹായിക്കും. വേഗത്തില്‍ ഉറങ്ങാനും, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രാത്രി ഉറങ്ങും മുന്‍പ് കുളിക്കുന്നത് നമ്മളെ സഹായിക്കുന്നു. അതേസമയം രാത്രിയില്‍ തല കുളിക്കുന്നത് ജലദോഷം പോലുള്ള അസുഖങ്ങള്‍ വരുത്തുമോ എന്നതും ശ്രദ്ധിക്കണം.

  • ചൂട് പാല്‍ മഞ്ഞള്‍പ്പൊടിയിട്ട് രാത്രി കിടക്കും മുന്‍പ് കുടിക്കുന്നത് തലച്ചോറിനും കുടലിനും ഗുണം ചെയ്യും. നല്ല ഉറക്കത്തിനും ഇങ്ങനെ പാല്‍ കുടിക്കുന്നത് സഹായകരമാണ്.

പലതരം മാനസിക, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളായി ഉറക്കക്കുറവ് കാണാറുണ്ട്. ഉറക്കമില്ലായ്മ രണ്ടാഴ്ചയില്‍ കൂടുതല്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട് എങ്കില്‍ ഉടന്‍ തന്നെ നല്ലൊരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്. മറ്റ് ശാരീരികപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാന്‍ ചില ടെസ്റ്റുകളും വേണ്ടിവന്നേക്കും.

Share this news

Leave a Reply

%d bloggers like this: