ഡബ്ലിനിൽ ഐറിഷ് ടിവി അവതാരകന് നേരെ കവർച്ചാശ്രമം; ഓടിരക്ഷപ്പെട്ടു

പ്രശസ്ത ഐറിഷ് ടിവി അവതാരകനായ ഡാരന്‍ കെന്നഡിക്കും ബോയ്ഫ്രണ്ടിനും നേരെ ഡബ്ലിനില്‍ കവര്‍ച്ചാശ്രമം. തിങ്കളാഴ്ച രാത്രി 11.30-ഓടെ നടന്ന സംഭവം ഇന്‍സ്റ്റാഗ്രാം വീഡിയോ വഴിയാണ് കെന്നഡി പുറംലോകത്തെ അറിയിച്ചത്.

തന്റെ ബോയ്ഫ്രണ്ടിനൊപ്പം നടന്നുപോകുകയായിരുന്ന തന്നെയും ബോയ്ഫ്രണ്ടിനെയും അജ്ഞാതനായ ഒരാള്‍ പിന്തുടരുകയും, ഭീഷണി സ്വരത്തില്‍ കൈയിലുള്ള പണമെല്ലാം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് കെന്നഡി പറയുന്നു. മുഖത്തിന്റെ താഴ്ഭാഗം മറയ്ക്കാന്‍ ശ്രമിച്ചിരുന്ന ഇയാളുടെ ടീഷര്‍ട്ടിനുള്ളില്‍ കത്തി ഉണ്ടായിരുന്നതായി തോന്നിയെന്നും കെന്നഡി കൂട്ടിച്ചേര്‍ത്തു. കൈയിലെ കുട കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച ശേഷം തങ്ങള്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഗാര്‍ഡയുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ അവര്‍ പ്രതികരിച്ചെന്നും, എന്നാല്‍ നഗരത്തില്‍ കൂടുതല്‍ ഗാര്‍ഡ സാന്നിദ്ധ്യം ആവശ്യമാണെന്നും കെന്നഡി പറഞ്ഞു. മുമ്പൊരിക്കിലും ഡബ്ലിനില്‍ വച്ച് തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും, എല്ലാവരും സൂക്ഷിക്കേണ്ടതുണ്ടെന്നും കെന്നഡി വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു. കെന്നഡിക്ക് പിന്തുണയുമായി സെലിബ്രിറ്റികളടക്കം ഏറെപ്പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്.

ഡബ്ലിന്‍ നഗരത്തില്‍ ഈയിടെയായി വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിലും കവര്‍ച്ചയിലും ഗാര്‍ഡ വലിയ പഴി കേട്ടുകൊണ്ടിരിക്കുകയാണ്. ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതി വരെയുണ്ടായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനോ, ഗാര്‍ഡയ്‌ക്കോ സാധിച്ചിട്ടില്ല. ഗാര്‍ഡ സേനയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും പ്രശ്‌നപരിഹാരത്തിന് തടസമാകുന്നു.

Share this news

Leave a Reply

%d bloggers like this: