തോക്ക് ചൂണ്ടി ഭീഷണി, ഇടി, കടി; രോഗികളിൽ നിന്നും ആക്രമണങ്ങൾ നേരിട്ട് അയർലണ്ടിലെ ഡോക്ടർമാർ

അയര്‍ലണ്ടില്‍ നിരവധി ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും, അവരുടെ ബന്ധുക്കളില്‍ നിന്നും ഈയിടെ ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ 900 ഡോക്ടര്‍മാരെ സര്‍വേ ചെയ്തതില്‍ നിന്നുമാണ് Medical Protection Society (MPS) ആശങ്കാജനകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ 12 മാസത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുക, തലയ്ക്ക് അടിക്കുക, കടിക്കുക, ഇടിക്കുക എന്നിങ്ങനെ പലതരത്തിലുള്ള ശാരീരികമായ ആക്രമണങ്ങളും, വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങളും നേരിടേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. നഴ്‌സുമാര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ചിലര്‍ റേഡിയോ സ്‌റ്റേഷനുകളില്‍ വിളിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ പരാതി പറയുകയും, മെഡിക്കല്‍ കൗണ്‍സിലില്‍ പരാതി ഉന്നയിക്കുകയും ചെയ്യാറുമുണ്ട്.

ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരില്ലാത്തത് ഇത്തരം ആക്രമണങ്ങളിലേയ്ക്ക് നയിക്കുന്നതിന് ഒരു പ്രധാന കാരണമായി സര്‍വേയില്‍ പങ്കെടുത്ത 39% ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ചികിത്സയ്ക്കായി കാത്തിരുന്ന് ക്ഷമ നശിക്കുന്നവര്‍ പലപ്പോഴും അരിശം തീര്‍ക്കുന്നത് ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും അടുത്താണ്.

സര്‍വേയില്‍ പങ്കെടുത്ത ഡോക്ടര്‍മാരില്‍ 82% പേരും കഴിഞ്ഞ 12 മാസത്തിനിടെ തങ്ങള്‍ ആക്രമണം നേരിടുകയോ, ആക്രമണത്തിന് സാക്ഷികളാകുകയോ ചെയ്യേണ്ടിവന്നതായി പ്രതികരിച്ചു. അതേസമയം ഈ ആക്രമണങ്ങള്‍ ഗാര്‍ഡ ഗൗരവമായി എടുക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പരാതി പറയുന്നു.

Share this news

Leave a Reply

%d bloggers like this: