ജൂഡിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി വാട്ടർഫോർഡ് മലയാളി സമൂഹം

വാട്ടർഫോർഡ് : വാട്ടർഫോർഡ് മലയാളി സമൂഹത്തിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ ജൂഡ് സെബാസ്റ്റ്യനെ അവസാനമായി ഒരു നോക്കു കാണുവാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി നൂറുകണക്കിന് മലയാളികളും, സുഹൃത്തുക്കളും, സഹപ്രവർത്തകരും ഒത്തുകൂടി.

വാട്ടർഫോർഡിലെ ന്യൂടൗൺ പാരിഷ് ഹാളിൽ 2.30 മുതൽ 4.30 വരെ നടന്ന പൊതുദർശനത്തിൽ വിവിധ സാംസ്കാരിക- സാമൂഹിക- രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾ അന്തിമോപചാരം അർപ്പിക്കുകയും, അനുശോചനം അറിയിക്കുകയും ചെയ്തു. ഉച്ചയ്ക്ക്  സെൻറ് ജോസഫ്  & സെൻറ്  ബെനിൽഡസ് പള്ളിയിൽ നടന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ഫാ. ജോമോൻ കാക്കനാട്, ഫാ. ജോൺ കാക്കരകുന്നേൽ, ഫാ. റസൽ തറപ്പേൽ എന്നിവർ കാർമ്മികത്വം വഹിച്ചു. സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി (വാട്ടർഫോർഡ്) വികാരി ഫാ. മാത്യു കെ മാത്യു പൊതുദർശനസമയം പ്രാർത്ഥന ചൊല്ലി അനുശോചനം അറിയിച്ചു. 

പ്രാർത്ഥനാ ശുശ്രൂഷയും, പൊതുദർശനവും ഏകോപിപ്പിക്കുവാൻ പിന്തുണ നൽകിയ വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിക്കും, അന്തിമോപചാരമർപ്പിക്കുവാൻ എത്തിച്ചേർന്ന അയർലണ്ടിലെ വിവിധ തുറകളിലെ സംഘടനകളോടും, പൊതുദർശനത്തിന് എത്തിച്ചേർന്ന ജൂഡിന്റെ  സഹപ്രവർത്തകരോടും, സുഹൃത്തുക്കളോടും, അസോസിയേഷൻറെ അംഗങ്ങളോടും, സാമ്പത്തിക സഹായ ഫണ്ടിലേക്ക് സംഭാവനകൾ നൽകിയ എല്ലാ സുമനസ്സുകളോടും വാട്ടർഫോർഡ് മലയാളി അസോസിയേഷൻ നന്ദി അറിയിച്ചു.

ജൂഡ് സെബാസ്റ്റ്യന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുവാനുള്ള നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയായതായി അസോസിയേഷൻ അറിയിച്ചു. സംസ്കാരം  പിന്നീട് കേരളത്തിൽ നടത്തും.

Share this news

Leave a Reply

%d bloggers like this: