അയർലണ്ടിൽ വീണ്ടും വീശിയടിച്ച് ബാബേറ്റ് കൊടുങ്കാറ്റ്; 20,000 യൂറോ വരെ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ

അയര്‍ലണ്ടില്‍ ബാബേറ്റ് കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നത് ഇന്നലെയും തുടര്‍ന്നു. ശക്തമായ മഴയും, കാറ്റും, വെള്ളപ്പൊക്കവും രാജ്യത്ത് പലയിടത്തും വെള്ളിയാഴ്ചയും ഗതാഗത സ്തംഭനത്തിനും മറ്റും കാരണമായി. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഡബ്ലിന്‍, വിക്ക്‌ലോ കൗണ്ടികളില്‍ ഇന്ന് രാവിലെ 8 മണി വരെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് വാണിങ് നല്‍കിയിരുന്നു.

വെള്ളിയാഴ്ച ഡബ്ലിനില്‍ പലയിടത്തും പ്രാദേശികമായുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡ് യാത്ര ദുഷ്‌കരമായി. റെയില്‍ ഗതാഗതത്തിനും തടസം നേരിട്ടു.

അതേസമയം ഈയാഴ്ച കോര്‍ക്കില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് റെഡ് ക്രോസ് വഴി സഹായമെത്തിക്കുമെന്ന് ധനമന്ത്രി മൈക്കല്‍ മക്ഗ്രാത്ത് പറഞ്ഞു. അടുത്തയാഴ്ചയോടെ പ്രത്യേകപദ്ധതി പ്രകാരം സഹായവിതരണം ആരംഭിക്കും. ആദ്യഘട്ടത്തില്‍ 5,000 യൂറോയും, പിന്നീട് നഷ്ടം കണക്കാക്കി 20,000 യൂറോ വരെയും സഹായം ലഭിക്കും.

ക്രിസ്മസ് കാലം മുന്നില്‍ നില്‍ക്കെ, കോര്‍ക്കിലെ മിഡില്‍ടണ്‍ പ്രദേശത്തെ നിരവധി സ്ഥാപനങ്ങള്‍ വെള്ളം കയറി ദുരിതത്തിലായിട്ടുണ്ട്. ഇവര്‍ക്ക് സഹായമെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലാത്ത സ്ഥാപനങ്ങളെയും സഹായിക്കും.

അതേസമയം കോര്‍ക്കിലെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്തുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ വന്നടിഞ്ഞ ചെളിയും, മറ്റ് നാശനഷ്ടങ്ങളുമെല്ലാം വൃത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സൈന്യവും, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഇവിടെ സഹായത്തിനെത്തിയിരുന്നു.

അതേസമയം ഇന്ന് രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും, 10-12 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും പരമാവധി താപനിലയെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: