അയർലണ്ടിൽ കോവിഡിന്റെ പുതിയ വകഭേദം ‘Pirola’ പടരുന്നു; ഏരിസ് ബാധയിലും വർദ്ധന

അയര്‍ലണ്ടില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘Pirola’ പടരുന്നു. ജനിതകമാറ്റം സംഭവിച്ച BA.2.86 എന്ന വകഭേദമാണ് ഈ പേരില്‍ അറിയപ്പെടുന്നത്. നവംബര്‍ 13 വരെയുള്ള കണക്കനുസരിച്ച് 27 പേര്‍ക്കാണ് രാജ്യത്ത് BA.2.86 സ്ഥിരീകരിച്ചത്.

2023 ഓഗസ്റ്റ് 13-ന് ഇസ്രായേലിലാണ് ഈ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഡെന്മാര്‍ക്ക്, യു.കെ, യുഎസ്എ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കേസുകള്‍ കുറവാണ്.

ശക്തമായ ക്ഷീണമാണ് Pirole വകഭേദം ബാധിച്ചാലുള്ള പ്രധാന രോഗലക്ഷണം. രോഗി എഴുന്നേറ്റ് നില്‍ക്കാനാകാതെ കിടന്നുപോകുകയും ചെയ്യുന്നു. പനി, ജലദോഷം, ഗന്ധമില്ലായ്മ എന്നിവയെക്കാളെല്ലാം അധികമായി ക്ഷീണമാണ് ഇവര്‍ക്ക് അനുഭവപ്പെടുക.

ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ HSE-യെ വിവരമറിയിക്കണമെന്നും, ലക്ഷണങ്ങള്‍ മാറിയതിന് ശേഷം 48 മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാവൂ എന്നും അധികൃതര്‍ അറിയിച്ചു. അഥവാ കോവിഡ് പോസിറ്റീവായാല്‍ അഞ്ച് ദിവസം മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ വീട്ടില്‍ തന്നെ കഴിയണം.

അതേസമയം കോവിഡിന്റെ മറ്റൊരു വകഭേദമായ ഏരിസ് (Eris- EG.5) ബാധയും രാജ്യത്ത് തുടരുന്നുണ്ട്. നവംബര്‍ 13 വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 1,144 പേര്‍ക്കാണ് രാജ്യത്ത് ഏരിസ് സ്ഥിരീകരിച്ചത്. നവംബര്‍ 1-ലെക്കാള്‍ 365 പേര്‍ക്ക് അധികമായി രോഗം ബാധിച്ചു.

Share this news

Leave a Reply

%d bloggers like this: