അയർലണ്ടിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ ഏറെയും ജോലിക്ക് പോകുന്നതിനിടെ എന്ന് കണ്ടെത്തൽ

അയര്‍ലണ്ടില്‍ ജോലിക്ക് പോകുമ്പോഴാണ് മിക്കവരും അമിതവേഗതയിലോ, അപകടകരമായ രീതിയിലോ വാഹനമോടിക്കുന്നതെന്ന് കണ്ടെത്തല്‍. 2018 മുതല്‍ 2022 വരെ രാജ്യത്ത് നടന്ന റോഡപകടങ്ങളുടെ വിവരങ്ങള്‍ വിശകലനം ചെയ്ത് Road Safety Authority (RSA) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം, ഈ കാലയളവില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ട 8% ഡ്രൈവര്‍മാരും, ഗുരുതരമായി പരിക്കേറ്റ 12% ഡ്രൈവര്‍മാരും ജോലി സംബന്ധമായ കാര്യത്തിനായി യാത്ര ചെയ്യുന്നവരായിരുന്നു. ഗുരുതര അപകടങ്ങളില്‍ 23 ശതമാനവും സംഭവിച്ചത് ഡ്രൈവര്‍മാര്‍ ജോലിസംബന്ധമായ യാത്ര നടത്തുമ്പോഴായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവരാണ് അപകടരമായ രീതിയില്‍ വാഹനമോടിക്കുന്നതില്‍ ഏറെയുമെന്ന് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ RSA-യിലെ റിസര്‍ച്ച് മാനേജറായ വെല്‍മ ബേണ്‍സ് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട ക്ഷീണത്തെയും, പൊതുവില്‍ വാഹനാപകടങ്ങളെയും കുറിച്ച് സുരക്ഷാ ബോധവല്‍ക്കരണ വെബിനാറുകള്‍ നടത്തിവരികയാണ് RSA.

2021 മുതലുള്ള രേഖകള്‍ പ്രകാരം, ജോലിക്ക് പോകുന്നവരാണ് അമിതവേഗതയിലും, മദ്യപിച്ചും, സീറ്റ് ബെല്‍റ്റ് ഇടാതെയും ഡ്രൈവ് ചെയ്യുന്നവരില്‍ ഏറെയും. ക്ഷീണത്തോടെ വാഹനമോടിക്കുന്നവരില്‍ ഭൂരിഭാഗവും ജോലിക്കായി യാത്ര ചെയ്യുന്നവര്‍ തന്നെയാണ്.

ജോലിക്ക് പോകുന്നവരില്‍ 30% ഡ്രൈവര്‍മാരും തങ്ങള്‍ യാത്രയ്ക്കിടെ മയങ്ങിപ്പോയതായും, ശ്രദ്ധ വ്യതിചലിച്ചതായും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പൊതുവായ ഡ്രൈവര്‍മാരില്‍ 24% പേരാണ് ഇക്കാര്യത്തോട് യോജിച്ചിട്ടുള്ളത്.

ഓഫിസ് ജോലിക്ക് പുറമെ ചരക്ക് എത്തിക്കല്‍, ഡെലിവറി പോലുള്ള യാത്രകളും ജോലിസംബന്ധമായ യാത്രകളായാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ യാത്ര ചെയ്യുന്ന ഗുഡ്‌സ് വാഹനങ്ങളിലെ ഭൂരിഭാഗം ഡ്രൈവര്‍മാരും 100 കി.മീ വേഗപരിധിയുള്ള റോഡുകളില്‍, തങ്ങള്‍ അതിലുമധികം വേഗത്തില്‍ ഡ്രൈവ് ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. 2021-ലെ കണക്കാണിത്.

അതേസമയം രാജ്യത്ത് ഈയിടെയായി റോഡപകടമരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം 168 പേരാണ് വിവിധ റോഡപകടങ്ങളിലായി അയര്‍ലണ്ടില്‍ കൊല്ലപ്പെട്ടത്. 2022-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 35 പേര്‍ക്ക് അധികമായി ജീവന്‍ നഷ്ടപ്പെട്ടു.

റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ബോധവല്‍ക്കരണം വേണമെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് വെല്‍മ ബേണ്‍സ് പറയുന്നു. ധാരാളം ജീവനുകള്‍ രക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും.

‘ഓര്‍ക്കുക: ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കുക. നിങ്ങളുടെയും, മറ്റുള്ളവരുടെയും ജീവനുകള്‍ വിലപ്പെട്ടതാണ്.’

Share this news

Leave a Reply

%d bloggers like this: