‘സ്ഥിതി ശാന്തം’: ഡബ്ലിനിൽ കലാപം നിയന്ത്രണവിധേയമാക്കി ഗാർഡ

ഡബ്ലിന്‍ സ്‌കൂളിന് പുറത്തുവച്ച് അഞ്ച് പേര്‍ക്ക് കുത്തേറ്റതിനെ തുടര്‍ന്ന് സിറ്റി സെന്ററിലുണ്ടായ കലാപം കെട്ടടങ്ങിയതായി ഗാര്‍ഡ. ഇന്നലെ ഉച്ചയ്ക്ക് ശേഷം Parnel Square East-ലെ ഒരു സ്‌കൂളിന് സമീപത്താണ് മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്.

പ്രതി കുടിയേറ്റക്കാരനാണ് എന്നാരോപിച്ച് തീവ്രവലതുപക്ഷ വാദികളാണ് സംഭവത്തിന് ശേഷം ഡബ്ലിന്‍ സിറ്റി സെന്ററില്‍ കലാപം ആരംഭിച്ചത്. ഗാര്‍ഡ വാഹനങ്ങള്‍ ആക്രമിക്കുകയും, തീയിടുകയും ചെയ്ത പ്രക്ഷോഭക്കാര്‍, അവസരം മുതലാക്കി പ്രദേശത്തെ കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400-ലധികം ഗാര്‍ഡയെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

ബസുകള്‍, ട്രാമുകള്‍, ലുവാസ് എന്നിവ ആക്രമിക്കപ്പെടുകയും, ഗതാഗതം തടസപ്പെടുകയും ചെയ്ത സംഭവത്തെ അപലപിച്ച ഗാര്‍ഡ കമ്മിഷണര്‍ Drew Harris, വലതുപക്ഷതീവ്രവാദികളാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമാക്കി. ഗാര്‍ഡയ്ക്ക് നേരെയും ആക്രമണമുണ്ടായെങ്കിലും, സാരമായ പരിക്കുകളില്ല.

അതേസമയം സ്‌കൂളിന് സമീപത്തെ കത്തിക്കുത്തില്‍ പരിക്കേറ്റവരെല്ലാം ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ അഞ്ച് വയസുകാരിയായ ഒരു പെണ്‍കുട്ടിക്കും, ഒരു സ്ത്രീക്കും സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന മറ്റ് ആളുകളാണ് പ്രതിയെ തടഞ്ഞത്.

അതേസമയം അക്രമത്തിന് തീവ്രവാദസ്വഭാവമുണ്ടോ എന്ന കാര്യത്തില്‍ ഗാര്‍ഡ അന്വേഷണം നടത്തുകയാണെന്ന് പത്രസമ്മേളനത്തില്‍ ഗാര്‍ഡ കമ്മിഷണര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: