അയർലണ്ടിലെ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാൻ ‘വിർച്വൽ വാർഡുകൾ’ വരുന്നു; എന്താണ് ഈ പദ്ധതി?

അയര്‍ലണ്ടിലെ ആശുപത്രികളിലെ അമിത തിരക്ക് നിയന്ത്രിക്കാന്‍ വിപ്ലവകരമായ പദ്ധതിയുമായി HSE. രോഗികള്‍ക്ക് അവരുടെ വീടുകളില്‍ തന്നെ വൈദ്യപരിശോധന നല്‍കുന്ന Acute Virtual Ward-കള്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ Limerick University Hospital, St Vincent’s Hospital എന്നിവിടങ്ങളില്‍ രൂപം നല്‍കുമെന്നാണ് HSE-യുടെ പ്രഖ്യാപനം.

രോഗികളെ അവരവരുടെ വീടുകളില്‍ തന്നെ ചികിത്സയ്ക്ക് വിധേയരാക്കുന്ന പദ്ധതിയില്‍, ഇവര്‍ക്കായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഏര്‍പ്പാടാക്കും. രോഗികളെ സന്ദര്‍ശിക്കാനായി ഇവര്‍ നേരിട്ട് എത്തുകയോ, അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി റൗണ്ട്‌സ് നടത്തുകയോ ചെയ്യും.

‘ഹോസ്പിറ്റല്‍ അറ്റ് ഹോം’ എന്നറിയപ്പെടുന്ന ഈ പദ്ധതിയില്‍ ദീര്‍ഘകാല രോഗികളടക്കം പലതരം രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഭാഗമാകാം. ഒട്ടനവധി രാജ്യങ്ങളില്‍ നിലവിലുള്ള ചികിത്സാ രീതിയുമാണിത്. രോഗികള്‍ക്ക് നേരിട്ട് എത്തേണ്ടതില്ലെന്നതിനാല്‍, ആശുപത്രികളിലെ തിരക്ക് കുറയുകയും ചെയ്യുന്നു.

ബ്ലഡ് പ്രഷര്‍ കഫ്‌സ്, തെര്‍മോമീറ്റര്‍, ഓക്‌സിമീറ്റര്‍ മുതലായ ഉപകരണങ്ങള്‍ പദ്ധതിയുടെ ഭാഗമായ രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നും നല്‍കും. അതുവഴി രോഗിയുടെ ആരോഗ്യാവസ്ഥ മുഴുവന്‍ സമയവും ലൈവായി നിരീക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കും. രോഗം വഷളാകുകയോ മറ്റോ ചെയ്താല്‍ ഉടനടി പരിചരണം നല്‍കാനുള്ള നടപടികളും ഉണ്ടായിരിക്കും.

പദ്ധതി പ്രഖ്യാപിക്കപ്പെട്ട രണ്ട് ആശുപത്രികളിലുമായി വര്‍ഷം 8,000 ബെഡ്ഡുകളിലെ കിടത്തി ചികിത്സ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: