ഡബ്ലിൻ ലുവാസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ചു; മൂന്ന് കൗമാരക്കാർ കോടതി വിചാരണ നേരിടുന്നു

ഡബ്ലിനിലെ ലുവാസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ മൂന്ന് കൗമാരക്കാര്‍ കോടതി വിചാരണ നേരിടുന്നു. 2022 ഡിസംബര്‍ 5-ന് Red Line-ല്‍ വച്ചാണ് 15 വയസുകാരനായ ഒരാളും, 17 വയസ് വീതം പ്രായമുള്ള രണ്ട് പേരും ചേര്‍ന്ന് ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയെ (20) തുടര്‍ച്ചയായി ചവിട്ടിയും, ഇടിച്ചും പരിക്കേല്‍പ്പിച്ചത്. ഇതിലൊരാള്‍ സ്റ്റീല്‍ കൊണ്ടുള്ള വൈസ് ഗ്രിപ്പ് ഉപയോഗിച്ച് തലയില്‍ അടിക്കുകയും ചെയ്തു.

ഡബ്ലിനിലെ കുട്ടികളുടെ കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു.

കോളജില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങും വഴി രാത്രി 9 മണിയോടെയാണ് ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിക്ക് പ്രതികളില്‍ നിന്നും കൊടിയ മര്‍ദ്ദനമേറ്റത്. സംഘത്തില്‍ അഞ്ച് കൗമാരക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു പെണ്‍കുട്ടി അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ ഇടപെട്ടതോടെയാണ് സംഘം മര്‍ദ്ദനം അവസാനിപ്പിച്ചത്.

അക്രമത്തില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയുടെ പല്ല് കൊഴിയുകയും, ചുണ്ട് മുറിയുകയും, മുഖത്തും, കൈയിലും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിചാരണയ്ക്കിടെ തെളിവായി ഉപയോഗിച്ചു.

അതേസമയം ഇവരുടെ വിചാരണ കുട്ടികളുടെ കോടതിയില്‍ നിന്നും സര്‍ക്യൂട്ട് കോടതിയിലേയ്ക്ക് മാറ്റണമെന്ന് വിചാരണയ്ക്കിടെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. സര്‍ക്യൂട്ട് കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കുന്നതെങ്കില്‍ കൂടുതല്‍ കഠിനമായ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേസിലെ മൂന്നാമത്തെയും, ഏറ്റവും പ്രായം കുറഞ്ഞതുമായ പ്രതിയുടെ വിചാരണ കുട്ടികളുടെ കോടതിയില്‍ തന്നെ തുടരാന്‍ ജഡ്ജ് തീരുമാനിച്ചു.

ജനുവരിയില്‍ വിചാരണ തുടരും.

Share this news

Leave a Reply

%d bloggers like this: