ക്രാന്തിയുടെ ‘കരുതലിൻ കൂടിന്’ തുടക്കമായി; വീടിന് എംഎം മണി തറക്കല്ലിട്ടു

ക്രാന്തി അയർലൻഡ് ഉടുമ്പൻ ചോലയിൽ ഒരു നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ‘കരുതലിൻ കൂട്’ എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എംഎം മണി തുടക്കം കുറിച്ചു.

ഇടുക്കി ഇരട്ടയാറിലെ കൈതമുക്കിൽ ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്ന ടോമി-വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നത്. രണ്ട് പെൺമക്കൾ മാത്രമാണ് ഇവർക്ക് ഉള്ളത്. അവരിൽ ഒരാൾ ഭിന്നശേഷിക്കാരിയും ആണ്. വീടിന്റെ തറക്കല്ലിടിൽ കർമ്മം എംഎൽഎ എംഎം മണി നിർവഹിച്ചു.

ചടങ്ങിൽ മുൻ ഇടുക്കി എംപി ജോയ്സ് ജോർജ് ക്രാന്തി സെക്രട്ടറി ഷിനിത്ത് എ കെ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലിച്ചൻ വെള്ളക്കട, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നിരവധി സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പാവപ്പെട്ടവരെ സഹായിക്കാനായി മുന്നോട്ടുവന്ന ക്രാന്തി അയർലൻഡിനെ എംഎം മണി എംഎൽഎ അഭിനന്ദിച്ചു. ഇത്തരത്തിൽ മനുഷ്യത്വപരമായ പ്രവർത്തനങ്ങൾക്ക് വിദേശ സംഘടനകൾ കൂടുതൽ തയ്യാറാകണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

ആറുമാസം കൊണ്ട് വീട് നിർമ്മിച്ച കൈമാറാനാണ് ക്രാന്തി ശ്രമിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച സെക്രട്ടറി ഷിനിത്ത് എ കെ പറഞ്ഞു.

നേരത്തെ നിലമ്പൂരിൽ ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് അവിടെ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് വേണ്ടി നിലമ്പൂരിന് ഒരു കൈത്താങ്ങ് എന്ന പേരിൽ ക്രാന്തി ഫണ്ട് സ്വരൂപണം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി വാട്ടർഫോർഡ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വന്ന കോവിഡ് കാരണം അതിന്റെ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ക്രാന്തിക്ക് കഴിഞ്ഞിരുന്നില്ല.

അന്ന് അതിനു വേണ്ടി ലഭിച്ച തുകയും ക്രാന്തി ഇനി വരുന്ന നാളുകളിൽ നടത്താൻ ഇരിക്കുന്ന ഫുഡ് ഫെസ്റ്റുകളിലൂടെയും വിവിധ കായിക മത്സരങ്ങളിലൂടെയും ലഭിക്കുന്ന പണവും ക്രാന്തി അംഗങ്ങൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനയും ചേർത്ത് പണിപൂർത്തീകരിക്കാൻ ആണ് ലക്ഷ്യം ഇടുന്നത് എന്നും സെക്രട്ടറി ഷിനിത്ത് പറഞ്ഞു.പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും സഹായവും ക്രാന്തി സെക്രട്ടറി ഷിനിത്ത് അഭ്യർത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: