ബ്രെക്സിറ്റ്‌: അയർലണ്ടിൽ നിന്നും യു.കെയിലേക്കുള്ള കയറ്റുമതി നിയമങ്ങളിൽ ജനുവരി 31 മുതൽ മാറ്റം

ബ്രെക്‌സിറ്റിന് ശേഷം അയര്‍ലണ്ടില്‍ നിന്നുമുള്ള ഇറക്കുമതിക്ക് പുതിയ നിയമവുമായി യു.കെ. ജനുവരി 31 മുതല്‍ ഇവിടെ നിന്നും യു.കെയിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്ന ചരക്കുകള്‍ക്ക് നേരത്തെ തന്നെ കസ്റ്റംസ് ഡിക്ലറേഷന്‍ (pre-lodgement of customs declarations) വാങ്ങണം. അതുപോലെ കാര്‍ഷികോല്‍പ്പന്നങ്ങളാണെങ്കില്‍ അവ ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന പ്രീ- നോട്ടിഫിക്കേഷനും ഉണ്ടായിരിക്കണം. ചില കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് എക്‌സ്‌പോര്‍ട്ട് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും വേണ്ടിവന്നേക്കും.

അയര്‍ലണ്ടില്‍ നിന്നും യു.കെയിലേയ്ക്ക് കയറ്റുമതി നടത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഐറിഷ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം വടക്കന്‍ അയര്‍ലണ്ടിലേയ്ക്കുള്ള കയറ്റുമതിക്ക് ഇവയൊന്നും തന്നെ ആവശ്യമില്ല. പതിവ് രീതിയില്‍ തന്നെയാകും പ്രവര്‍ത്തനം.

നിയമമാറ്റം ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വരുമെങ്കിലും യു.കെ അതിര്‍ത്തിയില്‍ ഇവ പ്രകാരമുള്ള ചെക്കിങ്ങുകള്‍ താല്‍ക്കാലികമായി ഉണ്ടാകില്ല. 2024 ഒക്ടോബര്‍ 31-ന് ശേഷം മാത്രമേ ചെക്കങ് നിലവില്‍ വരികയുള്ളൂ.

അയര്‍ലണ്ടില്‍ നിന്നുള്ള ആകെ കയറ്റുമതിയില്‍ മൂന്നില്‍ ഒന്നും യു.കെയിലേയ്ക്കാണ് പോകുന്നത്. ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഏറ്റവും വലിയ വിപണിയും യു.കെ ആണ്.

കയറ്റുമതി നിയമമാറ്റം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ: https://www.gov.ie/en/publication/668a0-uk-import-controls-2023-the-border-target-operating-model-tom/

Share this news

Leave a Reply

%d bloggers like this: