അയർലണ്ടിൽ ആംബുലൻസ് എത്തുമ്പോഴേക്കും രോഗി മരിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു; എട്ട് വർഷത്തിനിടെ വർദ്ധന 70%

അയര്‍ലണ്ടില്‍ കൃത്യസമയത്ത് ആംബുലന്‍സ് എത്താത്തത് കാരണം രോഗി മരണപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 70% വര്‍ദ്ധിച്ചതായി HSE. 2023-ല്‍ രോഗിയെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് വിളിച്ച 1,108 സംഭവങ്ങളില്‍ രോഗികള്‍ ആംബുലന്‍സ് എത്തിച്ചേരുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടു. 2022-ല്‍ ഇത് 1,008 ആയിരുന്നു. National Ambulance Service-ന്റെ കണക്കാണിത്. 2019-ന് ശേഷം ആംബുലന്‍സ് വേണ്ടിവരുന്ന സംഭവങ്ങള്‍ 14% വര്‍ദ്ധിച്ചതായും HSE വക്താവ് പറയുന്നു.

2016-ലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ചത്. ആ വര്‍ഷമുണ്ടായ ഇത്തരം മരണങ്ങള്‍ 657 ആയിരുന്നു. എട്ട് വര്‍ഷത്തിനിപ്പുറം 70% അധികമാണ് മരണങ്ങള്‍.

അതേസമയം ആശുപത്രിക്ക് മുന്നില്‍ എത്തിച്ച ശേഷം രോഗിയെ അഡ്മിറ്റ് ചെയ്യാനായി ഒരു മണിക്കൂറിലധികം കാത്ത് നില്‍ക്കേണ്ടി വന്ന ആംബുലന്‍സുകളുടെ എണ്ണം കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 2022-ല്‍ 94,639 ആംബുലന്‍സുകള്‍ക്ക് ഇത്തരത്തില്‍ കാത്തുനില്‍ക്കേണ്ടി വന്നപ്പോള്‍ 2023-ല്‍ അത് 76,970 ആയി കുറഞ്ഞു.

രാജ്യത്ത് വിളിച്ചാല്‍ ഏറ്റവും വേഗത്തില്‍ ആംബുലന്‍സുകള്‍ എത്തുന്നത് തെക്കന്‍ കൗണ്ടികളിലാണ്- 25 മിനിറ്റ്. 2022-ല്‍ ഇത് 31 മിനിറ്റ് ആയിരുന്നു. കോവിഡിന് മുമ്പ് 18 മിനിറ്റും.

ഏറ്റവും വൈകി ആംബുലന്‍സ് എത്തുന്ന സൗത്ത്- ഈസ്റ്റ് കൗണ്ടികളില്‍ 29 മിനിറ്റ് നേരമാണ് രോഗികള്‍ക്ക് കാത്തുനില്‍ക്കേണ്ടി വരുന്നത്.

മിഡ്‌ലാന്‍ഡ് പ്രദേശത്തെ വെയ്റ്റിങ് സമയം 28 മിനിറ്റാണ്.

2022-നെ അപേക്ഷിച്ച് 2023-ല്‍ കാത്തിരിപ്പ് സമയത്തില്‍ ചെറിയ കുറവ് ഉണ്ടായെങ്കിലും കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: