അയർലണ്ടിലെ നാഷണൽ സ്ലോ ഡൗൺ ഡേയിൽ അമിതവേഗത്തിൽ കാറുമായി പറന്നത് 755 പേർ

അയര്‍ലണ്ടില്‍ ഗാര്‍ഡ നടത്തിയ National Slow Down Day-യില്‍ അമിതവേഗതയില്‍ വാഹനമോടിച്ചതായി കണ്ടെത്തിയത് 755 പേരെ. ഏപ്രില്‍ 19 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 20 രാവിലെ 7 മണി വരെ നടത്തിയ 24 മണിക്കൂര്‍ ഓപ്പറേഷനില്‍ ആകെ 163,146 വാഹനങ്ങളാണ് പരിശോധിച്ചത്.

ഗാര്‍ഡയുടെ സംവിധാനങ്ങള്‍ക്ക് പുറമെ GoSafe വാനുകളും ഓപ്പറേഷനില്‍ പങ്കെടുത്തു. 225 വാഹനങ്ങള്‍ അനുവദനീയമായതിലും അധികം വേഗത്തില്‍ പോകുന്നതായി GoSafe കണ്ടെത്തിയപ്പോള്‍, 530 വാഹനങ്ങളാണ് ഗാര്‍ഡ ചെക്ക് പോയിന്റുകളിലൂടെ പിടികൂടിയത്.

കോര്‍ക്കില്‍ 100 കി.മീ വേഗപരിധിയുള്ള റോഡില്‍ 194 കി.മീ വേഗത്തിലും, ഡോണഗലില്‍ 100 കി.മീ വേഗപരിധിയുള്ള പ്രദേശത്ത് 132 കി.മീ വേഗതയിലും വാഹനമോടിച്ചവര്‍ ഇതില്‍ പെടുന്നു.

രാജ്യത്ത് റോഡപകടമരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളാണ് ഗാര്‍ഡയും, റോഡ് സുരക്ഷാ വകുപ്പും നടത്തിവരുന്നത്. പരിശോധനകള്‍ക്ക് പുറമെ ബോധവല്‍ക്കരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അമിതവേഗതയില്‍ വാഹനം ഓടിക്കാതെ സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കണമെന്ന് വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: